ഡൈസുകയെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ് രംഗത്ത്, താരത്തിന്റെ തീരുമാനം മറ്റൊന്നാണ് | Daisuke

കഴിഞ്ഞ സീസണിൽ വളരെ അപ്രതീക്ഷിതമായാണ് ജാപ്പനീസ് താരമായ ഡൈസുകെ സകായി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. സോട്ടിരിയോക്ക് പരിക്കേറ്റു സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന് ഉറപ്പായതോടെയാണ് ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയുന്ന ആദ്യത്തെ ജാപ്പനീസ് താരമെന്ന നേട്ടം സ്വന്തമാക്കി ഡൈസുകെ എത്തിയത്.

കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനം ടീമിനായി നടത്താൻ താരത്തിന് കഴിഞ്ഞിരുന്നെങ്കിലും ഡൈസുകെയെ നിലനിർത്തുന്നില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഡൈസുകെക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. എന്തായാലും ജാപ്പനീസ് താരത്തിന് ഐഎസ്എല്ലിലെ മറ്റു ക്ലബുകളിൽ നിന്നും ഓഫറുകളുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ ക്ലബായ ജംഷഡ്‌പൂർ എഫ്‌സിയാണ് ഡൈസുകെയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. കൂടുതൽ കുറച്ചുകൂടി സ്വാതന്ത്രം മൈതാനത്തുണ്ടെങ്കിൽ കൂടുതൽ മികവ് കാണിക്കാൻ കഴിയുന്ന താരമാണ് ഡൈസുകെയെന്നവർ കരുതുന്നുണ്ട്. എന്നാൽ ജാപ്പനീസ് താരം ഐഎസ്എല്ലിൽ നിന്നുള്ള ഓഫറുകൾ സ്വീകരിക്കാൻ സാധ്യത കുറവാണ്.

ഡൈസുകെയെ സംബന്ധിച്ച് ഇന്ത്യയിൽ തുടരാൻ താൽപര്യമില്ല. അടുത്ത സീസണിൽ മറ്റേതെങ്കിലും ലീഗിലേക്ക് ചേക്കേറാനാണ് താരം ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ഐഎസ്എല്ലിൽ നിന്നുമുള്ള ഓഫറുകൾ താരം പരിഗണിക്കുന്നില്ല. അതേസമയം മറ്റുള്ള ലീഗുകളിൽ നിന്നും താരത്തിന് ഓഫറുകൾ വരുന്നുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അടുത്ത സീസണിൽ ലീഗുകളിൽ ഏഷ്യൻ താരങ്ങൾ നിർബന്ധമില്ലെന്ന നിയമം വന്നതോടെ ഏഷ്യൻ കളിക്കാർക്കുള്ള ഡിമാൻഡ് കുറയുമെന്നുറപ്പാണ്. അതിനാൽ ചിലപ്പോൾ ഡൈസുകെ ഈ ഓഫർ പരിഗണിക്കാൻ ചെറിയൊരു സാധ്യതയുണ്ട്. അതല്ലെങ്കിൽ സ്വന്തം രാജ്യമായ ജപ്പാനിലേക്ക് തന്നെ താരം തിരിച്ചു പോകാനാണ് സാധ്യത കൂടുതൽ.

Daisuke Has Offer From An ISL Club