നൽകിയത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം, കേരള ബ്ലാസ്റ്റേഴ്‌സിനോട് വിടപറഞ്ഞ് ജാപ്പനീസ് സമുറായ് | Daisuke Sakai
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത് തീർത്തും അപ്രതീക്ഷിതമായിട്ടാണെങ്കിലും ആരാധകരുടെ സ്നേഹം പിടിച്ചു പറ്റാൻ ജാപ്പനീസ് താരമായ ഡൈസുകെക്ക് കഴിഞ്ഞിരുന്നു. ജോഷുവോ സോട്ടിരിയോക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് സീസൺ മുഴുവൻ നഷ്‌ടമാകുമെന്ന് തീർച്ചയായപ്പോഴാണ് ഏഷ്യൻ ക്വാട്ടയിലേക്ക് ജാപ്പനീസ് താരത്തെ ബ്ലാസ്റ്റേഴ്‌സ് എത്തിച്ചത്.
കഴിഞ്ഞ സീസണിൽ പതിനേഴു മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്‌തതടക്കം ഇരുപത്തിയൊന്ന് മത്സരങ്ങളിലാണ് ഡൈസുകെ കളിക്കാനിറങ്ങിയത്. മൂന്നു ഗോളുകൾ നേടിയ താരം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. വമ്പൻ താരമല്ലെങ്കിലും പിഴവുകളില്ലാതെ കളിച്ച ഡൈസുകെയുടെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയില്ല. ക്ലബ് വിടുന്ന താരം കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ അതേക്കുറിച്ച് പോസ്റ്റ് ചെയ്‌തു.
“എല്ലാറ്റിനും വളരെയധികം നന്ദി, നിങ്ങൾ നൽകിയ ഈ മനോഹരമായ അനുഭവത്തിനും നന്ദി. കേരള ബ്ലാസ്റ്റേഴ്‌സിനോടൊപ്പമുള്ള എന്റെ യാത്ര ഇവിടെ വെച്ച് അവസാനിച്ചിരിക്കുന്നു, പക്ഷെ നമ്മൾ ഒരുമിച്ച് പോരാടിയത് ഞാൻ ഒരിക്കലും മറക്കില്ല.” ഇരുപത്തിയേഴു വയസുള്ള ജാപ്പനീസ് താരം കുറിച്ചു.
“മാനേജ്‌മെന്റ്, സ്റ്റാഫ്, കളിക്കാർ, പിന്തുണച്ച ആരാധകർ എന്നിങ്ങനെ എല്ലാവർക്കും. നിങ്ങൾക്കൊപ്പം എനിക്കുണ്ടായ അനുഭവങ്ങൾ ഞാൻ ഒരിക്കലും മറക്കാൻ പോകുന്നില്ല. ഞാൻ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഒരുപാട് മനസിലാക്കുകയുണ്ടായി, കേരളം എല്ലായിപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും. ഭാവിയിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയും ഭാവുകങ്ങളും പ്രകടിപ്പിക്കുന്നു.” താരം കുറിച്ചു.
റിപ്പോർട്ടുകൾ പ്രകാരം ഡൈസുകെക്ക് ഐഎസ്എല്ലിലെ ചില ക്ലബുകളിൽ നിന്നും ഓഫർ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ തുടരാൻ താരം താത്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. കരാർ അവസാനിച്ച് ഫ്രീ ഏജന്റായ താരം ഏതു ലീഗിലെ, ഏതു ടീമിലേക്കാണ് ചേക്കേറുകയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.