ഡൈസുകെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിലുണ്ടാകില്ല, മറ്റുള്ള ഐഎസ്എൽ ക്ലബുകളിലേക്ക് ചേക്കേറാൻ സാധ്യത | Daisuke Sakai

ഈ സീസണിൽ അപ്രതീക്ഷിതമായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതാണ് ജാപ്പനീസ് താരമായ ഡൈസുകെ സകായി. ഓസ്‌ട്രേലിയയിൽ നിന്നും ടീമിലേക്ക് വന്ന ജോഷുവോ സോട്ടിരിയോക്ക് ഗുരുതരമായ പരിക്കേറ്റു സീസൺ മുഴുവൻ നഷ്‌ടമാകുമെന്നു തീർച്ചയായി അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്‌സ് ജാപ്പനീസ് താരത്തെ പകരക്കാരനായി ടീമിലേക്ക് കൊണ്ടുവരുന്നത്.

വിങ്ങുകളിലും മധ്യനിരയിലും കളിച്ച താരം ഈ സീസണിൽ ഭേദപ്പെട്ട പ്രകടനം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നടത്തിയിട്ടുണ്ട്. പതിമൂന്നു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. അതിലൊരു ഗോൾ സെറ്റ് പീസുകൾ എടുക്കാൻ കഴിവുള്ള താരത്തിന്റെ മനോഹരമായൊരു ഫ്രീകിക്കിൽ നിന്നും പിറന്നതാണ്.

ഇന്ത്യയിൽ കളിക്കുന്ന ആദ്യത്തെ സീസണിൽ തന്നെ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും അടുത്ത സീസണിൽ ഡൈസുകെ കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇപ്പോഴേ ആരംഭിച്ച ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഒഴിവാക്കുന്ന താരങ്ങളിലൊരാൾ ഡൈസുകെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ സീസൺ മുഴുവൻ പുറത്തിരുന്ന ജോഷുവോ സോട്ടിരിയോ തിരിച്ചു വരവിന്റെ പാതയിലാണ്. അടുത്ത സീസണിൽ താരം ടീമിനൊപ്പമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതിനു പുറമെ എഫ്‌സി ഗോവ താരമായ നോവ സദൂയിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടാണ് വിദേശതാരമായ ഡൈസസുകയെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നതെന്നാണ് കരുതേണ്ടത്.

ബ്ലാസ്റ്റേഴ്‌സ് വിടുകയാണെങ്കിൽ ഡൈസുകെയുടെ പദ്ധതികൾ എന്തായിരിക്കുമെന്ന കാര്യത്തിൽ വ്യക്തത കുറവാണ്. ഐഎസ്എല്ലിലെ മറ്റു ക്ലബുകളിൽ നിന്നും ഓഫർ വരികയാണെങ്കിൽ താരം ഇന്ത്യയിൽ തന്നെ തുടരാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങിയ താരത്തിനു ഓഫറുകൾ വരാനുള്ള സാധ്യതയും കൂടുതലാണ്.

Daisuke Sakai May Leave Kerala Blasters After This Season