ഇതുവരെ ചെയ്‌തിട്ടില്ലാത്തത് ഇവാനു വേണ്ടി കളിക്കളത്തിൽ നടപ്പിലാക്കുന്നു, കേരള ബ്ലാസ്റ്റേഴ്‌സിലെ തന്റെ ശൈലിയെക്കുറിച്ച് വിബിൻ മോഹനൻ | Vibin Mohanan

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ മികച്ച താരങ്ങളിലൊരാളാണ് വിബിൻ മോഹനൻ. വെറും ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള താരം അതിനേക്കാൾ പക്വതയുള്ള പ്രകടനമാണ് ടീമിനായി നടത്തുന്നത്. കഴിഞ്ഞ സീസണിൽ ടീമിനായി അരങ്ങേറ്റം നടത്തിയ താരം ഈ സീസണിൽ ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യമായി മാറി ഇപ്പോൾ ഇന്ത്യയുടെ അണ്ടർ 23 ടീമിലേക്കും ഇടം നേടിയിട്ടുണ്ട്.

മധ്യനിരയിൽ പന്തടക്കം കാത്തു സൂക്ഷിച്ചു കളിക്കുന്ന താരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ നിന്നും പന്തുമായി മുന്നേറുന്നതിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. പാസിംഗ് മികവും കൃത്യമായി പൊസിഷൻ ചെയ്‌തു കളിക്കാനുള്ള കഴിവുമുള്ള താരം കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഐഎം വിജയൻ താരത്തെ ഇന്ത്യൻ ടീമിലേക്ക് ഉൾപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

എന്നാൽ തന്റെ യഥാർത്ഥ ശൈലിയിലല്ല താൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ചു കൊണ്ടിരിക്കുന്നത് എന്നാണു വിബിൻ മോഹനൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. നിലവിൽ ഇവാൻ വുകോമനോവിച്ച് അവലംഭിച്ചിട്ടുള്ള ശൈലിക്ക് അനുസൃതമായ രീതിയാണ് താൻ കളിക്കളത്തിൽ പുറത്തെടുക്കുന്നതെന്നും അത് ഇതുവരെ ചെയ്‌തിട്ടില്ലാത്ത കാര്യമാണെന്നും വിബിൻ പറഞ്ഞു.

“ഒരു പ്രത്യേക ശൈലിയെ ഞാൻ പിന്തുടരുന്നില്ല. ഓരോ മത്സരത്തിനും അനുസൃതമായാണ് ഞാൻ കളിക്കുന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഞാൻ ചിലപ്പോൾ ആക്രമണോത്സുകമായി കളിക്കും, അല്ലെങ്കിൽ ലോ ബ്ലോക്കിലേക്ക് മാറും. അത് പരിശീലകന്റെ ശൈലി പോലെയാണ്. ഇവാന് കീഴിൽ ഞാൻ ഹൈ പ്രെസിങ് ചെയ്യാറുണ്ട്, അത് ഞാൻ മുൻപ് ചെയ്‌തിട്ടില്ലാത്തതാണ്.” വിബിൻ മോഹനൻ പറഞ്ഞു.

ഗെയിം പ്ലാനും എതിരാളികളും മാറുന്നതനുസരിച്ച് സ്വന്തം ശൈലിയിൽ മാറ്റം വരുത്താൻ കഴിവുള്ള വിബിൻ മോഹനനെ പോലെയുള്ള താരങ്ങൾ ഏതൊരു ടീമിനും മുതൽക്കൂട്ടാണ്. ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള താരത്തിന് ഇനിയും മെച്ചപ്പെടാൻ അവസരമുണ്ട്. ഭാവിയിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മധ്യനിരയും വിബിന്റെ കാലുകളിൽ ഭദ്രമായിരിക്കും.

Vibin Mohanan Talks About His Style Of Play