സമുറായ് കാ ഹുക്കും! നിസാരക്കാരനല്ല കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ജാപ്പനീസ് താരം | Daisuke Sakai

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയാണ് പുതിയൊരു വിദേശതാരത്തിന്റെ സൈനിങ്‌ ക്ലബ് പ്രഖ്യാപിച്ചത്. നേരത്തെ സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോക്ക് പരിക്കേൽക്കുകയും 2024 വരെ താരം പുറത്തിരിക്കുമെന്നും ഉറപ്പായതോടെയാണ് പുതിയൊരു വിദേശതാരത്തെ സ്വന്തമാക്കേണ്ട സാഹചര്യം ബ്ലാസ്റ്റേഴ്‌സിനുണ്ടായത്. ജപ്പാനീസ് മുന്നേറ്റനിര താരമായ ഡൈസുകെ സക്കായിയെയാണ് ഒരു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

ജപ്പാനിൽ യൂത്ത് കരിയർ ആരംഭിച്ച സക്കായ് അതിനു പുറമെ ബെൽജിയം, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബുകളിലും കളിച്ചിട്ടുണ്ട്. ഒരു മധ്യനിരതാരത്തിന് വേണ്ട സാങ്കേതികപരമായ മികവും ഒരു വിങ്ങർക്ക് വേണ്ടി വേഗതയും സ്‌കില്ലും ഒത്തിണങ്ങിയ താരം ടീമിനൊരു മുതൽക്കൂട്ട് തന്നെയാണ്. കളിച്ച ക്ലബുകളിലെല്ലാം നല്ല രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുള്ള താരം ഇതുവരെ 150 മത്സരങ്ങൾ പ്രൊഫെഷണൽ കരിയറിൽ കളിച്ച് 24 ഗോളും പത്ത് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. 2017 അണ്ടർ 20 ലോകകപ്പിൽ ജപ്പാന്റെ നായകനായിരുന്നു താരം.

തന്റെ കരിയറിൽ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് ഇരുപത്തിയാറു വയസുള്ള താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ സീസണിൽ തായ്‌ലാൻഡ് രണ്ടാം ഡിവിഷൻ ലീഗിൽ കസ്റ്റം യുണൈറ്റഡ് എഫ്‌സിക്കു വേണ്ടി കളിച്ച താരം പത്ത് ഗോളുകളും ആറു അസിസ്റ്റുമാണ് സ്വന്തമാക്കിയത്. ജപ്പാന് പുറത്ത് വിവിധ ലീഗുകളിൽ കളിച്ചു പരിചയമുള്ള താരം ഇന്ത്യയിലെ സാഹചര്യവുമായി പൊരുത്തപ്പെട്ടാൽ ബ്ലാസ്റ്റേഴ്‌സിനതു കൂടുതൽ ഗുണം ചെയ്യും.

അറ്റാക്കിങ് മിഡ്‌ഫീൽഡറായും വിങ്ങിലും കളിക്കാൻ കഴിയുന്ന താരം ലോങ്ങ് റേഞ്ച് ഗോളുകൾ നേടുന്നതിലും ഫ്രീ കിക്ക് എടുക്കുന്നതിലും മികച്ച കഴിവുള്ളയാളാണ്. താരം നേടിയ ഗോളുകളിൽ നിന്നും തന്നെ അത് വ്യക്തമാണ്. ആദ്യമായാണ് ഒരു ജാപ്പനീസ് താരം കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കുന്നത്. ഈ സീസണിൽ ടീമിൽ വലിയ പ്രതീക്ഷകളൊന്നും ആരാധകർക്ക് ഇല്ലായിരുന്നെങ്കിലും താരത്തിന്റെ വരവോടെ അതിനു മാറ്റമുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

Daisuke Sakai Give Hope To Kerala Blasters