ഐഎസ്എല്ലിൽ ഈ സീസണിലെ ഏറ്റവും മികച്ച ഗോൾ പിറന്നു, ഹാട്രിക്ക് നേട്ടവുമായി ജംഷഡ്‌പൂർ എഫ്‌സി താരം | Daniel Chima

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പിറന്നത് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്ന്. ഇന്നലെ ഹൈദരാബാദ് എഫ്‌സിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ജംഷഡ്‌പൂർ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ നൈജീരിയൻ സ്‌ട്രൈക്കർ ഡാനിയൽ ചിമയാണ് ടീമിന് വേണ്ടി തകർപ്പൻ ഗോൾ സ്വന്തമാക്കിയത്.

മത്സരത്തിൽ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ ചിമ രണ്ടാം മിനുട്ടിൽ തന്നെ ജംഷഡ്‌പൂരിനെ മുന്നിലെത്തിച്ചിരുന്നു. അതിനു ശേഷം ഇരുപതാം മിനുട്ടിലാണ് താരത്തിന്റെ സൂപ്പർ ഗോൾ വരുന്നത്. ഫ്രഞ്ച് താരമായ ജെറമി മന്സറോ നൽകിയ പാസ് നെഞ്ചിൽ സ്വീകരിച്ചതിനു ശേഷം അതൊരു അക്രോബാറ്റിക് ഫിനിഷിംഗിലൂടെ വലയിലേക്ക് പായിക്കുകയായിരുന്നു.

ഗോളിക്ക് ഒരു ശ്രമം നടത്താൻ പോലും അവസരമില്ലാത്ത തരത്തിലാണ് ചിമ ഈ സീസണിലെ ഏറ്റവും മികച്ച ഗോൾ നേടിയത്. മത്സരത്തിന്റെ എഴുപത്തിയൊമ്പതാം മിനുട്ടിൽ ചിമ തന്റെ ഹാട്രിക്കും തികച്ചു. നൈജീരിയൻ താരം ഐഎസ്എല്ലിൽ നേടുന്ന ആദ്യത്തെ ഹാട്രിക്കായിരുന്നു ഇന്നലത്തേത്. സെമിലിയൻ ഡോങ്കൽ ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ ജോനാഥൻ മോയയുടെ സെൽഫ് ഗോൾ ആയിരുന്നു.

മത്സരത്തിൽ അഞ്ചു ഗോളുകൾക്ക് വിജയം നേടിയതോടെ ജംഷഡ്‌പൂർ എഫ്‌സി ലീഗിൽ പഞ്ചാബ് എഫ്‌സിയെ മറികടന്ന് പത്താം സ്ഥാനത്തേക്ക് മുന്നേറി. മോശം ഫോമിലുള്ള അവർക്ക് ആശ്വാസം നൽകുന്ന മികച്ച വിജയമായിരുന്നു ഇന്നലെ. അതേസമയം ഈ സീസണിൽ ഒരു മത്സരത്തിൽ പോലും വിജയം നേടാൻ കഴിയാത്ത ഹൈദരാബാദ് എഫ്‌സിയുടെ മോശം ഫോം തുടരുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി ഏതാനും മത്സരങ്ങൾ മാത്രമാണ് ഈ വർഷം ബാക്കിയുള്ളത്. ആകെ ഒൻപത് മത്സരങ്ങൾ കൂടി ബാക്കിയുള്ളപ്പോൾ അതിൽ രണ്ടെണ്ണത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ, മോഹൻ ബഗാൻ എന്നിവരെ നേരിടും. തുടർന്ന് നടത്തേണ്ട മത്സരങ്ങളുടെ ഫിക്‌സചർ ഇതുവരെയും ഐഎസ്എൽ സംഘാടകർ പുറത്തു വിട്ടിട്ടില്ല.

Daniel Chima Scored Goal Of The Season In ISL