എന്താണ് യൂറോപ്യൻ സൂപ്പർ ലീഗ്? റയലും ബാഴ്‌സയും മുന്നിൽ നിന്നു നയിക്കുന്ന ടൂർണമെന്റ് വീണ്ടും ചർച്ചയാകുന്നു | European Super League

ഒരുകാലത്ത് വലിയ രീതിയിൽ ചർച്ചയാവുകയും ആരാധകരുടെയും യൂറോപ്യൻ ഫുട്ബോളും ക്ലബ് ഫുട്ബോളും ഭരിക്കുന്നവരുടെയും ഇടപെടൽ കൊണ്ട് മാഞ്ഞു പോയ ടൂർണമെന്റാണ് യൂറോപ്യൻ സൂപ്പർ ലീഗ്.തുടക്കത്തിൽ നിരവധി ക്ലബുകൾ അതിന്റെ ഭാഗമാകാൻ വന്നെങ്കിലും പിന്നീട് ആരാധകരുടെ പ്രതിഷേധവും ഫുട്ബോൾ ഫെഡറേഷൻ നേതൃത്വത്തിൽ ഇരിക്കുന്നവരുടെ ഭീഷണിയും കൊണ്ട് അവരിൽ പലരും പിൻവാങ്ങുന്ന സാഹചര്യമുണ്ടായി.

എന്നാൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബുകളായ ബാഴ്‌സലോണയും റയൽ മാഡ്രിഡും സൂപ്പർ ലീഗ് നടപ്പിലാക്കാനുള്ള പദ്ധതിയിൽ തന്നെ ഉറച്ചു നിന്നു. ഇപ്പോൾ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് വെളിപ്പെടുത്തിയത് പ്രകാരം യുവേഫയും ഫിഫയും സൂപ്പർ ലീഗിന് തടയിടാൻ മത്സരങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ തെറ്റിച്ചുവെന്ന് വിധിക്കുകയുണ്ടായി. ഇത് സൂപ്പർ ലീഗ് പദ്ധതികളെ വീണ്ടും ഉണർത്തുന്നതാണ്.

സൂപ്പർ ലീഗ് പദ്ധതിയുമായി മുന്നോട്ടു വന്നിട്ടുള്ള A22വിന്റെ സിഇഒയായ ബെർണാഡ് റീചാർട് വെളിപ്പെടുത്തുന്നത് പ്രകാരം പുരുഷവിഭാഗത്തിൽ 64 ടീമുകളും വനിതാ വിഭാഗത്തിൽ 32 ടീമുകളും ഉൾപ്പെടുന്ന ടൂർണമെന്റാണ് യൂറോപ്യൻ സൂപ്പർലീഗ്. പുരുഷവിഭാഗത്തിൽ ഈ അറുപത്തിനാല് ടീമുകളെ മൂന്നു വ്യത്യസ്‌ത ലീഗുകളായി വിഭജിച്ചു കൊണ്ടാണ് സൂപ്പർ ലീഗിന്റെ ഫോർമാറ്റ് ആരംഭിക്കുക.

സ്റ്റാർ, ഗോൾഡ്, ബ്ലൂ എന്നിങ്ങനെ മൂന്നു തലത്തിലാണ് ടീമുകളെ വിഭജിക്കുക. ഇതിൽ സ്റ്റാർ ലീഗിൽ ഏറ്റവും കരുത്തുറ്റ ടീമുകളും ബ്ലൂവിൽ കരുത്തു കുറഞ്ഞ ടീമുകളും വരുന്നതാണ് ഇതിന്റെ ഘടന. സ്റ്റാർ, ഗോൾഡ് എന്നിവയിൽ പതിനാറു ടീമുകൾ വീതമുണ്ടാകുമ്പോൾ ബ്ലൂവില മുപ്പത്തിരണ്ട് ടീമുകളാണ് ഉണ്ടാവുക. സ്റ്റാർ, ഗോൾഡിനെ എട്ടു ടീമുകളുള്ള രണ്ടു ഗ്രൂപ്പുകളെയും ബ്ലൂവിനെ സമാനമായ രീതിയിൽ നാല് ഗ്രൂപ്പുകളായും മാറ്റും.

എല്ലാ ടീമുകൾക്കും പതിനാലു വീതം മാച്ചുകളുണ്ടാകും. ഓരോ ഗ്രൂപ്പിലുമുള്ള അവരുടെ എതിരാളികളെ ഹോം, എവേ എന്ന രീതിയിലാണ് നേരിടുക. ആഴ്‌ചയുടെ മധ്യത്തിലുള്ള ദിവസങ്ങളിൽ സെപ്‌തംബർ മുതൽ ഏപ്രിൽ വരെ ഈ മത്സരങ്ങൾ നടത്തും. ഗോൾഡ്, സ്റ്റാർ ലീഗിലെ ഗ്രൂപ്പുകളിൽ നിന്നും നാല് ടീമുകളും ബ്ലൂവിലെ നാല് ഗ്രൂപ്പിൽ നിന്നുള്ള രണ്ടു വീതം ക്ലബുകളും നോക്ക്ഔട്ടിലേക്ക് മുന്നേറും.

ഇതിനു ശേഷം ഗോൾഡ്, സ്റ്റാർ, ബ്ലൂ എന്നിവയിൽ വ്യത്യസ്‌ത നോക്ക്ഔട്ട് റൗണ്ടുകളാണ് ഉണ്ടാവുക. ഓരോ വിഭാഗത്തിലും എട്ടു ടീമുകൾ രണ്ടു പാദങ്ങളുള്ള ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ എന്നിവയിൽ ഏറ്റുമുട്ടും. ഫൈനൽ ന്യൂട്രൽ വേദിയിൽ വെച്ചാണ് നടക്കുക. സ്റ്റാർ, ഗോൾഡ്, ബ്ലൂ എന്നിവയിൽ വിജയിക്കുന്ന ടീമുകൾ ഓരോ വിഭാഗത്തിന്റെയും ജേതാക്കളാകും. ഇതാണ് സൂപ്പർ ലീഗ്.

യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവയെ സമന്വയിപ്പിക്കുന്നതു പോലെ നടത്തുന്ന യൂറോപ്യൻ സൂപ്പർ ലീഗിൽ പ്രൊമോഷനും റെലെഗേഷനുമുണ്ട്. സ്റ്റാർ ലീഗിലെ ഗ്രൂപ്പുകളിൽ അവസാനസ്ഥാനത്തു വരുന്ന രണ്ടു ടീമുകൾ ഗോൾഡ് ലീഗിലേക്ക് വീണു പോകും. ഗോൾഡ് ലീഗിലെ ഫൈനലിസ്റ്റുകൾ സ്റ്റാർ ലീഗിലേക്കും മുന്നേറും.

സമാനമായ രീതിയിൽ ഗോൾഡ് ലീഗ് ഗ്രൂപ്പിലെ അവസാനസ്ഥാനക്കാർ ബ്ലൂ ലീഗിലേക്ക് വീഴുകയും ബ്ലൂ ലീഗിലെ ഫൈനലിസ്റ്റുകൾ ഗോൾഡ് ലീഗിലേക്ക് മുന്നേറുകയും ചെയ്യും.ബ്ലൂ ലീഗിലെ ഇരുപതു ടീമുകൾ ഓരോ സീസണിലും ടൂർണമെന്റിൽ നിന്നും പുറത്തു പോയി ആഭ്യന്തര ലീഗിൽ നടത്തുന്ന മികച്ച പ്രകടനം അടിസ്ഥാനമാക്കി മറ്റുള്ള ഇരുപതു ടീമുകൾ സൂപ്പർ ലീഗിന്റെ ബ്ലൂ ലീഗിലേക്ക് വരികയും ചെയ്യും.

ബാഴ്‌സലോണ, റയൽ മാഡ്രിഡ് തുടങ്ങിയ ടീമുകൾ വളരെ സന്തോഷത്തോടു കൂടിയാണ് സൂപ്പർ ലീഗിന് അനുകൂലമായ വിധിയോട് പ്രതികരിച്ചത്. അതേസമയം യൂറോപ്പിലെ വമ്പൻ ടീമുകൾ ഇതിനോട് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്ക്, ബൊറൂസിയ ഡോർട്ട്മുണ്ട്, വലൻസിയ, സെവിയ്യ, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ ടീമുകൾ സൂപ്പർ ലീഗിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

European Super League Format Explained