വമ്പൻ തിരിച്ചുവരവിന്റെ സൂചനയോ, കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ മുൻ താരം പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത് | Alvaro Vazquez

അഡ്രിയാൻ ലൂണക്ക് പരിക്കേറ്റു പുറത്തായതോടെ വലിയ നിരാശയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ. മൂന്നു മാസത്തോളം പരിക്കേറ്റു പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായ താരം ഈ സീസനിലിനി കളിക്കാനുള്ള സാധ്യതയില്ല. അതുകൊണ്ടു തന്നെ സീസണിലെ കിരീടപ്രതീക്ഷകൾ നിലനിർത്താൻ പുതിയൊരു താരത്തെ എത്തിക്കേണ്ടത് അനിവാര്യമായതിനാൽ അതിനുള്ള ശ്രമത്തിലാണ് ക്ലബ് നേതൃത്വം.

അതിനിടയിൽ ലൂണക്കൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുകയും ഒരു സീസണിന് ശേഷം ക്ലബ് വിടുകയും ചെയ്‌ത സ്‌പാനിഷ്‌ താരമായ അൽവാരോ വാസ്‌ക്വസിനെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെന്ന ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം ഒരു സീസണിൽ എഫ്‌സി ഗോവയിൽ കളിച്ച വാസ്‌ക്വസ് നിലവിൽ സ്‌പാനിഷ്‌ ക്ലബായ പൊൻഫെർഡിനായുടെ താരമാണ്.

അതിനിടയിൽ കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത സ്റ്റോറികൾ തിരിച്ചുവരവിന്റെ സൂചന നൽകുന്നതാണോ എന്ന സംശയം ആരാധകർക്ക് വന്നിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി ഇട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ പല തരത്തിലുള്ള വർക്ക്ഔട്ടുകൾ ചെയ്യുന്ന വീഡിയോയാണ് താരം പങ്കു വെച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം പല തവണ പ്രകടിപ്പിച്ചിട്ടുള്ള താരമാണ് അൽവാരോ വാസ്‌ക്വസ്. ഇപ്പോഴും ടീമിനെ പിന്തുടരുന്ന അദ്ദേഹം ഇവാൻ വുകോമനോവിച്ചിന് വിലക്ക് ലഭിച്ചപ്പോൾ പരിശീലകനെ ശക്തമായി പിന്തുണച്ച് രംഗത്തു വന്ന വ്യക്തി കൂടിയാണ്. അതുകൊണ്ടു തന്നെ താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

അതേസമയം ലൂണക്ക് പകരക്കാരനായി അൽവാരോ വാസ്‌ക്വസ് എത്തുന്നതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് താത്പര്യമുണ്ടാകാൻ വഴിയില്ല. ലൂണയെപ്പോലെ ഒരു പ്ലേമേക്കറല്ല, മറിച്ച് ഒരു സ്‌ട്രൈക്കർ മാത്രമാണ് വാസ്‌ക്വസ് എന്നതാണ് അതിനു കാരണം. അതുകൊണ്ടു തന്നെ ഇത് നടന്നാൽ ഒരു കണ്ണിൽ പൊടിയിടലായി ആരാധകർ കാണും. അതേസമയം ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര താരങ്ങളേക്കാൾ ഭേദമാകും വാസ്‌ക്വസെന്നും ഒരു വിഭാഗം കരുതുന്നുണ്ട്.

Is Alvaro Vazquez Gonna Return To Kerala Blasters