ഇവാൻ വുകോമനോവിച്ചിന്റെ ധൈര്യം മറ്റാർക്കുമില്ല, റഫറിക്കെതിരെ ഒരു വാക്ക് പോലും പറയാതെ പരിശീലകർ | Mumbai City

ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാരുടെ പിഴവുകൾ നിരന്തരം ചോദ്യം ചെയ്‌ത പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഓരോ സമയത്ത് റഫറി പ്രതികൂലമായ തീരുമാനങ്ങൾ എടുത്ത സമയത്തും അതിനെതിരെ ശക്തമായ പ്രതിഷേധം ഇവാൻ വുകോമനോവിച്ച് കാണിച്ചിട്ടുണ്ട്. അതിന്റെ പേരിൽ പലപ്പോഴും അദ്ദേഹം പ്രതികാരനടപടിക്ക് വിധേയമായിട്ടുമുണ്ട്.

കഴിഞ്ഞ സീസണിൽ റഫറിയിങ് പിഴവിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധമുയർത്തി തന്റെ ടീമിനെ മൈതാനത്തു നിന്നും പിൻവലിപ്പിക്കാൻ ധൈര്യം കാണിച്ച പരിശീലകൻ കൂടിയാണ് ഇവാൻ വുകോമനോവിച്ച്. അതിനെ തുടർന്ന് വിലക്കും പിഴയും നൽകേണ്ടി വന്നിട്ടും ഈ സീസണിലും റഫറിയിങ് പിഴവുകൾ ഇവാൻ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മത്സരത്തിലും അദ്ദേഹത്തിന് വിലക്ക് ലഭിക്കുകയുണ്ടായി.

ഇവാൻ വുകോമനോവിച്ചിന്റെ ധൈര്യം ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു റഫറിമാർക്കും ഇല്ലെന്ന് തെളിയിച്ച ദിവസമായിരുന്നു ഇന്നലത്തേത്. മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിൽ റഫറി നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടും മത്സരത്തിന് ശേഷം അതിനെതിരെ ഒരു വാക്ക് പോലും പറയാൻ രണ്ടു ടീമിന്റെയും പരിശീലകർ തയ്യാറായില്ല.

ഇന്നലെ നടന്ന മത്സരത്തിൽ റഫറി ഏഴ് ചുവപ്പുകാർഡുകളും പതിനൊന്ന് മഞ്ഞക്കാർഡുകളുമാണ് രണ്ടു ടീമുകൾക്കുമായി നൽകിയത്. ഇതിൽ പലതും തെറ്റായ തീരുമാനങ്ങൾ ആയിരുന്നു. ചില കളിക്കാർ റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധം ഉയർത്തിയെങ്കിലും പരിശീലകർ മത്സരത്തിന് ശേഷം ഒരു പ്രതികരണവും നടത്തിയില്ല. ഇവാന് നൽകിയ വിലക്ക് അതിനൊരു കാരണമായിരുന്നിരിക്കാം.

അതേസമയം ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറ്റൊരു രീതിയിലാണ് ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്. മോഹൻ ബഗാനും മുംബൈ സിറ്റിയും ഐഎസ്എൽ സംഘാടകസമിതിയുടെ സ്വന്തം ടീമാണെന്നും അതിനാൽ തന്നെ റഫറിമാർക്കെതിരെ അവർ പ്രതിഷേധിക്കില്ലെന്നുമാണ് ആരാധകർ പറയുന്നത്. മറ്റു മത്സരങ്ങളിൽ ഇതേ റഫറി അവർക്ക് സഹായവുമായി എത്തുമെന്നും ആരാധകർ പറയുന്നു.

Mumbai City Mohun Bagan Coaches Have No Complaint Against Referees