അന്നതൊരു ഫൗൾ പോലും ആയിരുന്നില്ല, ഇന്നലെ ഡയറക്റ്റ് റെഡ് കാർഡ്; ബ്ലാസ്റ്റേഴ്‌സിനോടുള്ള ഇരട്ടത്താപ്പ് വ്യക്തമാണ് | ISL

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരം വളരെയധികം ശ്രദ്ധിക്കപ്പെട്ടത് റഫറിയായ രാഹുൽ ഗുപ്‌ത പുറത്തെടുത്ത കാർഡുകൾ കാരണമാണ്. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ ആദ്യത്തെ റെഡ് കാർഡ് പുറത്തെടുത്ത അദ്ദേഹം കളിയവസാനിക്കുമ്പോൾ ആകെ നൽകിയത് ഏഴു ചുവപ്പുകാർഡും പതിനൊന്നു മഞ്ഞക്കാർഡുമാണ്. മുംബൈ താരങ്ങൾക്ക് നാലും മോഹൻ ബഗാൻ താരങ്ങൾക്ക് മൂന്നും ചുവപ്പു കാർഡ് ലഭിച്ചു.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഈയൊരു മത്സരത്തെ വീക്ഷിക്കുന്നത് മറ്റൊരു രീതിയിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാർ എടുക്കുന്ന തീരുമാനങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതലും എതിരാകുന്നത് നേരത്തെ തന്നെ ശ്രദ്ധയിൽ പെട്ടിട്ടുള്ള കാര്യമാണ്. ഇന്നലെ നടന്ന മത്സരത്തിലെ സംഭവവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിലുണ്ടായ സംഭവവും അതിൽ റഫറിമാർ എടുത്ത തീരുമാനവും തമ്മിലുള്ള വൈരുധ്യമാണ് ആരാധകർ ചർച്ച ചെയ്യുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ചുവപ്പുകാർഡ് കിട്ടിയത് മുംബൈ സിറ്റി താരമായ ആകാശ് മിശ്രക്കാണ്. പന്തിനായി ശ്രമിക്കുന്നതിനിടെ മോഹൻ ബഗാൻ താരത്തിന്റെ പുറത്ത് മുട്ടുകാൽ കൊണ്ട് ഇടിച്ചതിനെ തുടർന്നാണ് താരത്തിന് ഡയറക്റ്റ് റെഡ് കാർഡ് നൽകിയത്. സംഭവം കൃത്യമായി വീക്ഷിച്ചു കൊണ്ട് നിൽക്കുകയായിരുന്ന റഫറിക്ക് റെഡ് കാർഡ് പുറത്തെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

സമാനമായ സംഭവം കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിൽ ഉണ്ടായിരുന്നു. പന്തിനു വേണ്ടി ഉയർന്നു ചാടിയ വിബിൻ മോഹനനെ ചെന്നൈ താരം മുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയിരുന്നു. റഫറി കൃത്യമായ പൊസിഷനിൽ തൊട്ടടുത്ത് നിന്ന് അതു കണ്ടു കൊണ്ടു നിൽക്കുകയായിരുന്നെങ്കിലും ഒരു നടപടിയും എടുത്തില്ല. മഞ്ഞക്കാർഡ് പോലും നൽകിയില്ലെന്നത് അന്നു തന്നെ ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സംഭവം ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ റഫറി എല്ലായിപ്പോഴും പ്രതികൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരാധകർ പറയുന്നു. എന്തായാലും ഇതിനൊരു വ്യക്തത അടുത്ത ദിവസങ്ങളിൽ ഉണ്ടാകും. വളരെ വലിയ ഫൗളുകളാണ് ഇന്നലത്തെ മത്സരത്തിൽ ഉണ്ടായത്. അതിനു നൽകുന്ന വിലക്ക് ചെറുതാണെങ്കിൽ എഐഎഫ്എഫിന്റെ പ്രതികാരം ബ്ലാസ്റ്റേഴ്‌സിനോട് മാത്രമാണെന്ന് ഉറപ്പിക്കാൻ കഴിയും.

ISL Referee Giving Different Treatment To Same Incidents