ബ്ലാസ്‌റ്റേഴ്‌സിന്റെ വേദനയെ പരിഹസിച്ചവർക്ക് അതിനേക്കാൾ വലിയ തിരിച്ചടി കിട്ടുന്നു, ഇത് മുംബൈ സിറ്റി അർഹിച്ചതു തന്നെ | Kerala Blasters

മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരം കഴിഞ്ഞപ്പോൾ വലിയ തിരിച്ചടി ലഭിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിനായിരുന്നു. മുംബൈ സിറ്റിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയതിനു പുറമെ ടീമിലെ രണ്ടു താരങ്ങൾക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. മിലോസ് ഡ്രിഞ്ചിച്ച്, പ്രബീർ ദാസ് എന്നിവർക്കാണ് മൂന്നു മത്സരങ്ങളിൽ സസ്‌പെൻഷൻ ലഭിച്ചത്.

മത്സരത്തിനിടെ കടുത്ത ഫൗൾ ചെയ്‌തതിന്‌ ചുവപ്പുകാർഡ് ലഭിച്ചതിനെ തുടർന്നാണ് മിലോസിന്‌ വിലക്ക് ലഭിച്ചത്. അതേസമയം റഫറിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതിനെ തുടർന്നാണ് പ്രബീർ ദാസിന് മൂന്നു മത്സരങ്ങളിൽ വിലക്ക് ലഭിച്ചത്. മുംബൈ സിറ്റി താരമായ വാൻ നീഫിനും ചുവപ്പുകാർഡിനെ തുടർന്ന് മൂന്നു മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്നു.

മത്സരത്തിന് ശേഷം റഫറിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ രംഗത്തു വന്നിരുന്നു. മുംബൈ സിറ്റിയുടെ താരങ്ങൾ കടുത്ത പ്രയോഗങ്ങൾ നടത്തിയിട്ടും അത് കാണാതിരുന്ന റഫറി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഫൗളിനെ മാത്രം പരിഗണനയിൽ എടുത്തതാണ് ആരാധകർ ചൂണ്ടിക്കാട്ടിയത്. അന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഉയർത്തിയ പ്രതിഷേധത്തെ പരിഹാസത്തോടെയാണ് മുംബൈ സിറ്റി ആരാധകർ കണ്ടത്.

എന്തായാലും കർമഫലം ഒട്ടും വൈകാതെ തന്നെ മുംബൈ സിറ്റി അനുഭവിക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോൾ കാണാൻ കഴിയുന്നത്. കഴിഞ്ഞ ദിവസം മോഹൻ ബഗാനെതിരെ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയുടെ നാല് താരങ്ങൾക്കാണ് ചുവപ്പുകാർഡ് ലഭിച്ചത്. ഈ നാല് മുംബൈ സിറ്റി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തിൽ കളിക്കാനുണ്ടാകില്ല.

ഡയറക്റ്റ് റെഡ് കാർഡ് കിട്ടിയ രാഹുൽ ബേക്കേ, ആകാശ് മിശ്ര എന്നിവർക്കൊപ്പം നാല് മഞ്ഞക്കാർഡുകൾ വാങ്ങിയ ഗ്രെഗ് സ്റ്റുവർട്ട്, വിക്രം പ്രതാപ് സിങ് എന്നിവർക്കാണ് മത്സരം നഷ്‌ടമാവുക. ഇതിൽ ഗ്രെഗ് സ്റ്റുവർട്ട്, വിക്രം പ്രതാപ് സിങ് എന്നിവർക്ക് ചുവപ്പുകാർഡും ലഭിച്ചിരുന്നു. ഇതിലെ താരങ്ങളുടെ വിലക്ക് നീളുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനത്താണ് അടുത്ത മത്സരം നടക്കുന്നത്. ഈ മത്സരത്തിലാണ് അഞ്ചു താരങ്ങളില്ലാതെ മുംബൈ സിറ്റിക്ക് ഇറങ്ങേണ്ട സാഹചര്യമുള്ളത്. ഈ നാല് താരങ്ങളും ടീമിലെ പ്രധാനികളാണ്. അതിനാൽ തന്നെ അവരെ കീഴടക്കി മത്സരത്തിൽ വിജയം നേടാനും കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാനും ഇതൊരു വലിയ അവസരമാണെന്നതിൽ സംശയമില്ല.

4 Mumbai City FC Players Will Miss Kerala Blasters Match