ഒരുപാട് പണം കിട്ടിയല്ലേയെന്ന് റഫറിയോട് മുംബൈ സിറ്റി താരം, ഇതിനെതിരെ എന്ത് നടപടിയുണ്ടാകുമെന്ന് കണ്ടറിയാം | Greg Stewart

മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. മുംബൈ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ റഫറി രാഹുൽ ഗുപ്‌ത പുറത്തെടുത്തത് ഏഴു റെഡ് കാർഡുകളാണ്. കാർഡുകളുടെ എണ്ണത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ടെങ്കിലും ചുരുങ്ങിയത് ഏഴു റെഡ് കാർഡുകളും പതിനൊന്ന് മഞ്ഞക്കാർഡും റഫറി നൽകിയിട്ടുണ്ട്.

മത്സരത്തിൽ മുംബൈ സിറ്റിയുടെ ആകാശ് മിശ്ര, ഗ്രെഗ് സ്റ്റീവാർട്ട്, വിക്രം പ്രതാപ് സിങ്, രാഹുൽ ബേക്കേ എന്നിവർക്കും മോഹൻ ബഗാന്റെ ആശിഷ് റായ്, ലിസ്റ്റൻ കൊളാക്കോ, ഹെക്റ്റർ യുറ്റ്സെ എന്നിവർക്കുമാണ് റഫറി ചുവപ്പുകാർഡ് നൽകിയത്. റഫറി ആകെ നൽകിയ ഏഴു ചുവപ്പുകാർഡിൽ അഞ്ചെണ്ണവും ഡയറക്റ്റ് റെഡ് ആയിരുന്നുവെന്നു പ്രത്യേകതയുണ്ട്. ഇതിന്റെ സസ്‌പെൻഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

അതിനിടയിൽ മത്സരത്തിൽ മുംബൈ സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ ഗ്രെഗ് സ്റ്റീവാർട്ട് ചുവപ്പുകാർഡ് നേടിയതിനു ശേഷം റഫറിക്ക് നേരെ കാണിച്ച ആംഗ്യം വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഒന്നാണ്. മത്സരത്തിന്റെ എഴുപതാം മിനുട്ടിൽ മഞ്ഞക്കാർഡ് നേടിയ സ്റ്റീവാർട്ട് അതിനു ശേഷം എൺപത്തിയെട്ടാം മിനുട്ടിൽ മറ്റൊരു മഞ്ഞക്കാർഡും ചുവപ്പുകാർഡും വാങ്ങി പുറത്തു പോയിരുന്നു. താരം ഡൈവ് ചെയ്‌തതിനാണ് റഫറി ചുവപ്പുകാർഡ് നൽകിയതെങ്കിലും അതൊരു ഫൗൾ ആണെന്ന് വ്യക്തമായിരുന്നു.

അപ്പോൾ നാല് റെഡ് കാർഡുകൾ നൽകിയിരുന്ന റഫറിയോട് ഒരുപാട് പണം ലഭിച്ചുവല്ലേ എന്ന ആംഗ്യം കൈ കൊണ്ട് കാണിച്ചാണ് സ്റ്റീവാർട്ട് പുറത്തേക്ക് പോയത്. ഐഎസ്എൽ റഫറിമാർ കോഴ വാങ്ങുന്നവരാണെന്ന കൃത്യമായ വിമർശനമാണ് അതിലൂടെ മുംബൈ താരം നൽകിയത്. ഇതിന്റെ പേരിൽ താരത്തിനെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നടപടി ഉണ്ടായില്ലെങ്കിൽ ചില നടപടികൾ ബ്ലാസ്റ്റേഴ്‌സിന് മാത്രം ബാധകമാണെന്ന് തന്നെ ചിന്തിക്കേണ്ടി വരും.

മത്സരം നിയന്ത്രിച്ച രാഹുൽ ഗുപ്‌തക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. ഒരു മത്സരത്തിന്റെ മുഴുവൻ സ്‌പിരിറ്റിനെയും ഇല്ലാതാക്കുന്ന നടപടിയാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായതെന്നാണ് പലരും പറയുന്നത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയായിരുന്നു രാഹുൽ ഗുപ്തയെന്നതാണ് അതിലെ ഏറ്റവും വിചിത്രമായ കാര്യം.

Greg Stewart Gesture Towards Referee Going Viral