തയ്യാറല്ലെങ്കിലും അത് ചെയ്തേ മതിയാകൂ, ഹൃദയം തകർക്കുന്ന വെളിപ്പെടുത്തലുമായി ഏഞ്ചൽ ഡി മരിയ

കോപ്പ അമേരിക്ക സെമി ഫൈനലിൽ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി അർജന്റീന ഫൈനലിലേക്ക് മുന്നേറി. തുടക്കത്തിൽ കാനഡയുടെ മികച്ച മുന്നേറ്റങ്ങൾ കണ്ടെങ്കിലും അർജന്റീന താരങ്ങൾ പരിചയസമ്പത്ത് കൃത്യമായി ഉപയോഗപ്പെടുത്തിയപ്പോൾ ആദ്യപകുതിയിൽ അൽവാരസും രണ്ടാം പകുതിയിൽ ലയണൽ മെസിയും അർജന്റീനക്കായി ഗോളുകൾ സ്വന്തമാക്കി.

ഇതോടെ തുടർച്ചയായി നാലാമത്തെ പ്രധാന ടൂർണമെന്റിൽ കിരീടം നേടുന്നതിന്റെ വക്കിലാണ് അർജന്റീന നിൽക്കുന്നത്. അത് വലിയ സന്തോഷം നൽകുന്ന കാര്യമാണെങ്കിലും അർജന്റീന ആരാധകരെ സംബന്ധിച്ച് അതിൽ വലിയൊരു വേദനയും കൂടിയുണ്ട്. ഫൈനൽ മത്സരത്തോടെ ടീമിന്റെ പ്രധാന താരമായ ഏഞ്ചൽ ഡി മരിയ വിരമിക്കുമെന്നതാണ് ആരാധകർക്ക് വേദനയാകുന്നത്.

“ദേശീയടീമിനൊപ്പം അവസാനത്തെ മത്സരം കളിക്കുകയെന്ന യാഥാർത്ഥ്യത്തെ നേരിടാൻ ഞാനിപ്പോഴും തയ്യാറായിട്ടില്ല. പക്ഷെ അതിനുള്ള സമയമായിരിക്കുന്നു. ഫൈനലിൽ എന്തു തന്നെ സംഭവിച്ചാലും മുൻവാതിലിലൂടെ തന്നെ എനിക്ക് പുറത്തു കടക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഞാൻ ദേശീയ ടീമിനായി എല്ലാം നൽകിയിട്ടുണ്ട്.”

“ഈ ജേഴ്‌സിക്ക് ഞാനെന്റെ ജീവിതം തന്നെ നൽകിയിട്ടുണ്ട്. അതെനിക്ക് ലഭിക്കാത്ത ചില സമയം ഉണ്ടായിട്ടുണ്ട്, എന്നാൽ പിന്നീടത് നേടാൻ കഴിഞ്ഞു. എന്നെ പിന്തുണച്ച എല്ലാവരോടും വളരെയധികം കടപ്പാടുണ്ട്.” കാനഡക്കെതിരായ മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകനോട് സംസാരിക്കുമ്പോൾ ഏഞ്ചൽ ഡി മരിയ പറഞ്ഞു.

ഇപ്പോഴും മികച്ച പ്രകടനം കളിക്കളത്തിൽ നടത്തുന്ന ഡി മരിയ വിരമിക്കരുതെന്ന് നിരവധിയാളുകൾ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ തന്റെ തീരുമാനം മാറ്റില്ലെന്ന് താരം ഉറപ്പിച്ചു പറയുന്നു. യുവതാരങ്ങൾക്ക് ഉയർന്നു വരുന്നതിനു വേണ്ടി കൂടിയാണ് താൻ മാറി നിൽക്കുന്നതെന്ന് ഡി മരിയ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.