മെസിയെ എനിക്കു വേണം, റിട്ടയർ ചെയ്‌താലും തനിക്കൊപ്പം തുടരാമെന്ന് ലയണൽ സ്‌കലോണി

തുടർച്ചയായ രണ്ടാമത്തെ തവണയും കോപ്പ അമേരിക്ക ഫൈനൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് അർജന്റീന. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയ അർജന്റീന തുടർച്ചയായ നാലാമത്തെ കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ്. ഫൈനലിൽ കൊളംബിയയും യുറുഗ്വായും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയികളാണ് അർജന്റീനയുടെ എതിരാളികളാവുക.

ഫൈനൽ എത്തുമ്പോൾ അർജന്റീനയെ സംബന്ധിച്ച് വലിയൊരു വേദനയുള്ളത് വെറ്ററൻ താരങ്ങളുടെ കാര്യത്തിലാണ്. ഫൈനൽ തന്റെ അവസാനത്തെ മത്സരമാകുമെന്ന് ഡി മരിയ പ്രഖ്യാപിച്ചു കഴിഞ്ഞു. ലയണൽ മെസി. നിക്കോളാസ് ഓട്ടമെൻഡി തുടങ്ങിയവരുടെ തീരുമാനം വ്യക്തമല്ല. അതേസമയം ലയണൽ മെസിക്ക് എപ്പോഴും ദേശീയടീമിൽ തുടരാൻ കഴിയുമെന്നാണ് പരിശീലകൻ സ്‌കലോണി പറയുന്നത്.

“ലയണൽ മെസിക്കു മുന്നിൽ ഞങ്ങൾ ഒരിക്കലും വാതിലുകൾ കൊട്ടിയടക്കുകയില്ല. താരത്തിന് ആഗ്രഹമുള്ള കാലത്തോളം ഇവിടെ തുടരാൻ കഴിയും, വിരമിച്ചതിനു ശേഷവും അതാവാം. ഞാൻ മറ്റെവിടേക്കെങ്കിലും പോവുകയാണെങ്കിൽ താരത്തെയും ഒപ്പം കൂട്ടാനൊരുക്കമാണ്, മെസിക്കും അത് ആഗ്രഹമുണ്ടെങ്കിൽ.” ലയണൽ സ്‌കലോണി കോപ്പ അമേരിക്ക സെമി ഫൈനലിന് ശേഷം പറഞ്ഞു.

ലയണൽ സ്‌കലോണിയുടെ വാക്കുകൾ വിരമിച്ചതിനു ശേഷം കോച്ചിങ് കരിയർ തുടങ്ങാൻ ലയണൽ മെസിക്കുള്ള ക്ഷണം കൂടിയാണ്. അർജന്റീന പരിശീലകനായതിനു ശേഷം സാധ്യമായ എല്ലാ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ ലയണൽ സ്‌കലോണിയുടെ കോച്ചിങ് സ്റ്റാഫായാൽ അത് വലിയൊരു വഴിത്തിരിവാകാനുള്ള സാധ്യതയുണ്ട്.

എന്തായാലും ലയണൽ മെസി ഇപ്പോൾ വിരമിക്കില്ലെന്നാണ് കരുതേണ്ടത്. ഫിറ്റ്നസ് പ്രശ്‌നങ്ങൾ ഇല്ലാതിരുന്നാൽ ഇനിയും കളിക്കളത്തിൽ തുടരാനും മികച്ച പ്രകടനം നടത്താനും മെസിക്ക് കഴിയും. 2026 ലോകകപ്പ് വരെ മെസി അർജന്റീന ടീമിൽ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.