“എന്തിനാണ് ഇനിയും അർജന്റീന ടീമിൽ കളിക്കുന്നതെന്ന് അമ്മ ചോദിച്ചു”- മോശം നാളുകളെക്കുറിച്ച് ഏഞ്ചൽ ഡി മരിയ | Di Maria

അർജന്റീന ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഏഞ്ചൽ ഡി മരിയ. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ നടത്തിയ ഗംഭീരമായ പ്രകടനത്തോടെ ആ ഇഷ്‌ടത്തിന്റെ റേഞ്ച് ഒന്നുകൂടി ഉയർന്നുവെന്നതിൽ സംശയമില്ല. ഫ്രാൻസ് പ്രതിരോധത്തിന്റെ അടിത്തറയിളക്കിയ പ്രകടനം ഫൈനലിൽ കാഴ്‌ച വെച്ച ഏഞ്ചൽ ഡി മരിയയെ പിൻവലിച്ചതിനു ശേഷമാണ് മത്സരത്തിലേക്ക് ഫ്രാൻസ് തിരിച്ചുവന്നതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ദേശീയ ടീമിനൊപ്പവും ക്ലബ് തലത്തിലും സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരമാണ് ഏഞ്ചൽ ഡി മരിയ. എന്നാൽ അർജന്റീന ദേശീയ ടീമിനൊപ്പം തനിക്ക് മോശം നാളുകൾ ഉണ്ടായിരുന്നുവെന്നും സ്വന്തം ‘അമ്മ തന്നെ ടീമിൽ തുടരേണ്ടെന്നു പറഞ്ഞുവെന്നുമാണ് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കിരീടങ്ങൾ നേടാൻ അർജന്റീനക്ക് കഴിയാതെ വന്നതും മോശം ഫോമുമെല്ലാമാണ് താരത്തിനെതിരെ വിമർശനം ഉണ്ടാകാനുള്ള കാരണമായത്.

“എന്തിനാണ് ദേശീയ ടീമിൽ തന്നെ തുടർന്ന് ഇങ്ങിനെ വേദനിക്കുന്നതെന്ന് പല തവണ എന്റെ അമ്മ എന്നോട് ചോദിച്ചിരുന്നു. എന്നാൽ ഒരു ദിവസം എല്ലാം മാറുകയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അമ്മക്ക് നൽകാൻ എനിക്ക് കഴിയുകയും ചെയ്‌തു.” ജേർണലിസ്റ്റായ സോഫി മാർട്ടിനസിനോട് സംസാരിക്കുമ്പോൾ ഏഞ്ചൽ ഡി മരിയ മോശം നാളുകളിൽ നിന്നും ലോക ജേതാവായി മാറിയതിന്റെ സന്തോഷം വെളിപ്പെടുത്തി.

ലയണൽ മെസിയെപ്പോലെ തന്നെ നിരവധി ഫൈനലുകൾ അർജന്റീനക്കൊപ്പം കളിക്കുകയും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതിരിക്കുകയും ചെയ്‌ത താരമായിരുന്നു ഡി മരിയ. എന്നാലിപ്പോൾ കഴിഞ്ഞ രണ്ടു വർഷത്തിൽ അർജന്റീന മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ മൂന്നു മത്സരങ്ങളിലും ഗോൾ നേടാൻ താരത്തിനായി. അടുത്ത കോപ്പ അമേരിക്കയിലും താരം ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Di Maria About Criticism He Faced From Argentina