റയൽ മാഡ്രിഡിനെ ഞെട്ടിച്ച് അർജന്റീന യുവതാരത്തിന്റെ മിന്നൽഗോൾ, തിരിച്ചടിച്ചു വിജയം നേടി ലോസ് ബ്ലാങ്കോസ് | Luka Romero

പ്രീ സീസൺ സൗഹൃദമത്സരത്തിൽ ഇറ്റാലിയൻ ക്ലബായ എസി മിലാനെതിരെ രണ്ടു ഗോളിന് പിന്നിൽ നിന്നതിനു ശേഷം തിരിച്ചടിച്ചു വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ആദ്യപകുതിയിൽ തന്നെ പ്രതിരോധതാരം ഫിക്കായോ ടോമോറി, അർജന്റൈൻ യുവതാരം ലൂക്ക റോമെറോ എന്നിവരുടെ ഗോളുകളിൽ മുന്നിലെത്തിയ എസി മിലാനെതിരെ മൂന്നു ഗോൾ തിരിച്ചടിച്ചാണ് റയൽ മാഡ്രിഡ് വിജയം നേടിയത്. ഫെഡറിക്കോ വാൽവെർദെ രണ്ടു ഗോൾ നേടിയപ്പോൾ ഒരു ഗോൾ വിനീഷ്യസിന്റെ വകയായിരുന്നു.

മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനുട്ടിൽ ഹെഡറിലൂടെയാണ് മുൻ ചെൽസി താരമായ ഫിക്കായോ ടോമോറി മിലാനെ മുന്നിലെത്തിച്ചത്. അതിനു ശേഷം ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് ലൂക്ക റോമെറോ മിലൻറെ ലീഡുയർത്തി. ലോങ്ങ് റേഞ്ച് ഗോളുകൾ നേടുന്നതിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരം മനോഹരമായൊരു ലോങ്ങ് റേഞ്ചറിലൂടെ തന്നെയാണ് ഗോൾ നേടിയത്. മത്സരത്തിൽ പകരക്കാരനായി ഇറങ്ങി പത്ത് മിനുട്ടിനുള്ളിലാണ് റോമെറോ ഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് തിരിച്ചുവരുന്നതാണ് കണ്ടത്. റയൽ മാഡ്രിഡിന്റെ ആദ്യത്തെ ഗോൾ ഭാഗ്യം കൊണ്ട് പിറന്നതാണ്. ഫെഡറിക്കോ വാൽവെർദെയുടെ അത്ര കരുത്തില്ലാത്ത ഒരു ഷോട്ട് കയ്യിലൊതുക്കാൻ ഗോൾകീപ്പർക്ക് കഴിഞ്ഞില്ല. പന്ത് നേരെ വലയിലേക്ക് പോവുകയും ചെയ്‌തു. അതിനു ശേഷം സമാനമായ രീതിയിൽ തന്നെ ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ടിലൂടെ വാൽവെർദെ ടീമിനു സമനില നേടിക്കൊടുത്തു.

റയൽ മാഡ്രിഡിന്റെ വിജയഗോൾ എൺപത്തിനാലാം മിനുട്ടിൽ വിനീഷ്യസ് ജൂനിയറാണ് നേടിയത്. ലൂക്ക മോഡ്രിച്ചിന്റെ മനോഹരമായൊരു ലോങ്ങ് പാസ് പിടിച്ചെടുത്ത താരം ഗോൾകീപ്പറെ വെട്ടിച്ച് അനായാസം വല കുലുക്കി. റയൽ മാഡ്രിഡ് തന്റെ കരാർ പുതുക്കിയത് ഉചിതമായ തീരുമാനമാണെന്നും ഇനിയും തനിക്ക് ക്ലബിനായി പലതും ചെയ്യാൻ കഴിയുമെന്നും തെളിയിക്കുന്നതായിരുന്നു മോഡ്രിച്ച് നൽകിയ പാസ്. എന്തായാലും വിജയത്തോടെ ആത്മവിശ്വാസം വർധിപ്പിക്കാൻ റയൽ മാഡ്രിഡിന് കഴിയും.

Real Madrid Won Against AC Milan In Friendly