പണത്തേക്കാൾ വലുതായി മറ്റു ചിലതുണ്ട്, സൗദിയുടെ വമ്പൻ ഓഫറുകൾ വേണ്ടെന്നു വെച്ച് ഡി മരിയ | Di Maria

യുവന്റസ് കരാർ അവസാനിച്ച ഏഞ്ചൽ ഡി മരിയക്ക് അത് നീട്ടാനുള്ള ഓഫർ നൽകിയിരുന്നെങ്കിലും താരം അത് വേണ്ടെന്നു വെക്കുകയായിരുന്നു. യുവന്റസിന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ല എന്നതും അവസരങ്ങൾ കുറയാനുള്ള സാധ്യതയും കണക്കിലെടുത്തായിരുന്നു ഇറ്റാലിയൻ ക്ലബിൽ തുടരുന്നില്ലെന്ന തീരുമാനം അർജന്റീന മുന്നേറ്റനിര താരം എടുത്തത്.

യുവന്റസ് കരാർ പുതുക്കുന്നില്ലെന്ന തീരുമാനമെടുത്ത് ഏഞ്ചൽ ഡി മരിയ ഫ്രീ ഏജന്റായി മാറിയതോടെ താരം ഏതു ക്ലബിലേക്കാണ് ചേക്കേറുകയെന്ന സംശയം ഉയർന്നിരുന്നു. ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതോടെ താരവും അമേരിക്കൻ ലീഗിൽ എത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനു പുറമെ സൗദി അറേബ്യൻ ക്ലബുകളും ഡി മരിയക്ക് വേണ്ടി ശ്രമം നടത്തിയിരുന്നു.

എന്നാൽ പണത്തേക്കാൾ വലുത് പാഷനാണെന്ന തീരുമാനമാണ് ഏഞ്ചൽ ഡി മരിയ എടുത്തത്. അതുകൊണ്ടു തന്നെ സൗദി അറേബ്യയിലേക്ക് ചേക്കേറുന്നില്ലെന്ന തീരുമാനമാണ് ഏഞ്ചൽ ഡി മരിയ എടുത്തത്. അതിനു പുറമെ ഇന്റർ മിയാമിയുടെയും ഓഫർ നിരസിച്ച താരം യൂറോപ്പിൽ തന്നെ തുടരാനാണ് തീരുമാനിച്ചത്. പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറാനാണ് ഡി മരിയ ഒരുങ്ങുന്നത്.

റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിന് മുൻപ് ബെൻഫിക്കയുടെ താരമായിരുന്നു ഡി മരിയ. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ ടീമിലേക്ക് ചേക്കേറിയാൽ കോപ്പ അമേരിക്കക്കുള്ള അർജന്റീന ടീമിൽ ഇടം നേടാനുള്ള സാധ്യത വർധിക്കുമെന്ന് താരം കരുതുന്നുണ്ട്. അർജന്റീന ആരാധകരും താരത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

Di Maria Decided To Join Benfica