ഇന്ത്യൻ പരിശീലകന് റെഡ് കാർഡ്, മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ-പാക് താരങ്ങൾ | Igor Stimac

സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ആധിപത്യം പുലർത്തിയ ഇന്ത്യ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ത്യയുടെ നായകനായ സുനിൽ ഛേത്രി ഹാട്രിക്ക് നേടിയപ്പോൾ ഉദാന്ത സിങാണ് മറ്റൊരു ഗോൾ നേടിയത്. ആദ്യത്തെ മത്സരത്തിൽ തന്നെ നേടിയ മികച്ച വിജയം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്.

മത്സരത്തിൽ ആവേശകരമായ നിമിഷങ്ങൾക്കും കുറവില്ലായിരുന്നു. മത്സരത്തിന്റെ ആദ്യത്തെ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് രണ്ടു ടീമിലെയും താരങ്ങൾ പരസ്‌പരം ചെറുതായി ഉരസുകയും ചെയ്‌തു. പാകിസ്ഥാൻ താരം ത്രോ എടുക്കാൻ വന്നപ്പോൾ അതിനു സമ്മതിക്കാതെ പന്ത് തട്ടിയിട്ട ഇന്ത്യൻ പരിശീലകൻ സ്റ്റിമാക്കിന്റെ പ്രവൃത്തിയാണ് അതിനു കാരണം.

സ്റ്റിമാക്ക് പന്ത് തട്ടിയിട്ടതോടെ പാക്കിസ്ഥാൻ താരങ്ങൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഇതോടെ ഇന്ത്യൻ താരങ്ങളും പാകിസ്ഥാൻ താരങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ബെഞ്ചിലുള്ള അസിസ്റ്റന്റ്‌സും പാകിസ്ഥാൻ പരിശീലകനുമെല്ലാം അതിന്റെ ഭാഗമായിരുന്നു. ഒടുവിൽ എല്ലാവരെയും പിരിച്ചതിനു ശേഷം റഫറി ഇന്ത്യൻ പരിശീലകൻ സ്റ്റിമാക്കിനു ചുവപ്പുകാർഡ് നൽകുകയും ചെയ്‌തു.

മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചതിനാൽ അടുത്ത മത്സരത്തിലും സ്റ്റിമാക്ക് ഉണ്ടാകാനുള്ള സാധ്യതയില്ല. നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അതിനു ശേഷം കുവൈറ്റിനെയും ഇന്ത്യ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Indian Coach Igor Stimac Red Card Against Pakistan