ഹാട്രിക്ക് ഹീറോയായി സുനിൽ ഛേത്രി, പാക്കിസ്ഥാനെ പൊളിച്ചടുക്കി ഇന്ത്യക്ക് ഉജ്ജ്വല തുടക്കം | India

സാഫ് ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാനെതിരെ വിജയം നേടി ഇന്ത്യ. നായകൻ സുനിൽ ഛേത്രിയുടെ ഹാട്രിക്ക് മികവിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യ വിജയം നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ അർഹിച്ച വിജയം തന്നെയാണ് മത്സരത്തിൽ സ്വന്തമാക്കിയത്.

പത്ത് മിനുട്ട് മാത്രമാണ് ഇന്ത്യക്ക് മുന്നിലെത്താൻ വേണ്ടി വന്നത്. പാകിസ്ഥാൻ ഗോൾകീപ്പർ ദാനം നൽകിയ ഗോളായിരുന്നു അത്. പന്ത് ക്ലിയർ ചെയാനുള്ള ഗോളിയുടെ ശ്രമം പാളിയപ്പോൾ അത് ലഭിച്ച ഛേത്രിക്ക് ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റിലേക്ക് അത് തട്ടിയിടേണ്ട ചുമതല മാത്രമാണ് ഉണ്ടായിരുന്നത്. നാല് മിനുട്ടിനു ശേഷം ലഭിച്ച പെനാൽറ്റിയിലൂടെ ഛേത്രി വീണ്ടും ഇന്ത്യയുടെ ലീഡ് ഉയർത്തി.

മത്സരത്തിൽ പിന്നീടും ഇന്ത്യയുടെ മുന്നേറ്റങ്ങൾ തന്നെയാണ് കൂടുതലായി ഉണ്ടായിരുന്നതെങ്കിലും വമ്പൻ അവസരങ്ങൾ സൃഷ്‌ടിച്ചെടുക്കാൻ ആദ്യപകുതിയിൽ ടീമിനായില്ല. കനത്ത മഴയും ടീമിന്റെ നീക്കങ്ങളെ ബാധിച്ചു. പാകിസ്ഥാൻ ഇന്ത്യക്ക് ഭീഷണിയെ ആയിരുന്നില്ല. ഹാഫ് ടൈമിന് തൊട്ടു മുൻപ് പാകിസ്ഥാൻ താരം ത്രോ എടുക്കുന്നത് തടഞ്ഞ ഇന്ത്യൻ പരിശീലകൻ സ്റ്റിമാക്കിനു ചുവപ്പുകാർഡും ലഭിച്ചു.

രണ്ടാം പകുതിയിലും ഇന്ത്യയുടെ മുന്നേറ്റങ്ങൾ തന്നെയാണ് സജീവമായിരുന്നത്. ഏതാനും അവസരങ്ങൾ ലഭിക്കുകയും ചെയ്‌തു. എഴുപത്തിനാലാം മിനുട്ടിലാണ് ഇന്ത്യയുടെ മൂന്നാം ഗോൾ വരുന്നത്. തന്നെ പെനാൽറ്റി ബോക്‌സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യൻ നായകൻ ഛേത്രി തന്നെയാണ് ഇന്ത്യയുടെ മൂന്നാമത്തെ ഗോൾ നേടിയത്.

നാലാമത്തെ ഗോൾ അതിനു പിന്നാലെ തന്നെ വന്നു. പ്രതിരോധതാരം അൻവർ അലി നൽകിയ ഒരു ലോങ്ങ് പാസ് പിടിച്ചെടുത്ത് ഉദാന്ത സിങാണ് ഇന്ത്യയുടെ നാലാമത്തെ ഗോൾ നേടിയത്. അതിനു ശേഷവും ഇന്ത്യ ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും വല കുലുക്കാൻ കഴിഞ്ഞില്ല. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ നേപ്പാളിനെ നേരിടുന്ന ഇന്ത്യക്ക് അതിനു ശേഷം കുവൈറ്റാണ് എതിരാളികൾ.

India Beat Pakistan In SAFF Championship