ആറു സൂപ്പർതാരങ്ങൾ ചെൽസി വിടുന്നു, രണ്ടു പേർ ചേക്കേറുന്നത് എതിരാളികളുടെ തട്ടകത്തിലേക്ക് | Chelsea

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ചെൽസിയുടെ വമ്പൻ താരങ്ങളിൽ പലരും ക്ലബ് വിടുമെന്ന കാര്യം ഉറപ്പായിരുന്നു. കഴിഞ്ഞ സീസണിൽ റെക്കോർഡ് തുക ചിലവഴിച്ച് നിരവധി താരങ്ങളെ സ്വന്തമാക്കിയ ചെൽസിയുടെ സ്‌ക്വാഡിന്റെ വലിപ്പം വളരെ കൂടുതലാണ്. പുതിയ പരിശീലകനായി മൗറീസിയോ പോച്ചട്ടിനോ സ്ഥാനമേറ്റടുത്തതിനാൽ തന്നെ അദ്ദേഹത്തിന് ആവശ്യമുള്ള താരങ്ങളെ നിലനിർത്തി മറ്റു താരങ്ങളെ ഒഴിവാക്കുകയാണ് ചെൽസി.

ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ആറു താരങ്ങൾ ചെൽസി വിടുമെന്ന കാര്യത്തിൽ അനൗദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഗോൾകീപ്പർ എഡ്വേർഡ് മെൻഡി, പ്രതിരോധതാരം കൂളിബാളി, മധ്യനിര താരങ്ങളായ മാറ്റിയോ കോവാസിച്ച്, എൻഗോളോ കാന്റെ, മുന്നേറ്റനിര താരങ്ങളായ ഹക്കിം സിയച്ച്, കായ് ഹാവേർട്സ് എന്നിവരാണ് ക്ലബ് വിടാനുള്ള ധാരണയിൽ എത്തിയിരിക്കുന്നത്.

ഈ ആറു താരങ്ങളിൽ രണ്ടു പേർ മാത്രമാണ് യൂറോപ്യൻ ക്ലബുകളിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നത്. സ്‌ട്രൈക്കറായ കായ് ഹാവേർട്സ് ചെൽസിയുടെ പ്രധാന എതിരാളികളായ ആഴ്‌സണലുമായി കരാർ ധാരണയിൽ എത്തിയപ്പോൾ മധ്യനിര താരമായ കോവാസിച്ച് മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് ചേക്കേറുന്നത്. 65 മില്യൺ, മുപ്പതു മില്യൺ എന്നിങ്ങനെയാണ് ട്രാൻസ്‌ഫർ ഫീസെന്നാണ് റിപ്പോർട്ടുകൾ.

മറ്റുള്ള നാല് താരങ്ങളും സൗദി അറേബ്യൻ ക്ലബുകളിലേക്കാണ് ചേക്കേറുന്നത്. എഡ്വേഡ് മെൻഡി സൗദി അറേബ്യൻ ക്ലബായ അൽ അഹ്‌ലിയിലേക്ക് ചേക്കേറാനായി നിൽക്കുമ്പോൾ ഹക്കിം സിയച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്റിലേക്കാണ് പോകുന്നത്. എൻഗോളോ കാന്റെ ബെൻസിമയുടെ ക്ലബായ അൽ ഇത്തിഹാദിലേക്ക് ചേക്കേറാനായി ഒരുങ്ങുമ്പോൾ കൂളിബാളി അൽ അഹ്‌ലിയിലേക്കും ചേക്കേറാൻ തയ്യാറെടുക്കുന്നു.

ചെൽസിയെ സംബന്ധിച്ച് സ്‌ക്വാഡിനെ വെട്ടിച്ചുരുക്കാനുള്ള നീക്കങ്ങൾ വളരെ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നതിൽ സമാധാനിക്കാം. അതിനു പുറമെ നേരത്തെ കരാർ ധാരണയിൽ എത്തിയ എൻകുങ്കു ക്ലബ്ബിലേക്ക് എത്തുകയും ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടു തന്നെ ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് അവർക്ക് പ്രതീക്ഷിക്കാം.

Six Players Decided To Leave Chelsea in 24 Hours