കോർണർ കിക്കിൽ നിന്നും അത്ഭുതഗോൾ, അർജന്റൈൻ മാലാഖയുടെ മാന്ത്രികത വീണ്ടും | Di Maria

അർജന്റീന ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഏഞ്ചൽ ഡി മരിയ. ഒരുപാട് വർഷങ്ങൾ അർജന്റീന ടീമിനായി കളിച്ച താരം ടീമിന്റെ ഉയർച്ചയിലും താഴ്‌ചയിലും കൂടെയുണ്ടായിരുന്നു. ഒടുവിൽ കരിയറിന്റെ അവസാനഘട്ടത്തിൽ ടീമിനായി എല്ലാ നേട്ടങ്ങളും സ്വന്തമാക്കുകയും അതിനായി നിർണായക പങ്കു വഹിക്കുകയും ചെയ്‌ത താരം കൂടിയാണ് ഡി മരിയ. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തകർത്തു കളഞ്ഞ പ്രകടനം ആരും മറക്കില്ല.

നിലവിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കക്ക് വേണ്ടി ഡി മരിയ കഴിഞ്ഞ ദിവസം നേടിയ ഗോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ഓസ്ട്രിയൻ ക്ലബായ ആർബി സാൽസ്ബർഗും ബെൻഫിക്കയും തമ്മിൽ നടന്ന മത്സരത്തിൽ പോർച്ചുഗീസ് ക്ലബിനായി ഡി മരിയ നേടിയ ഗോളാണ് തരംഗമായി മാറുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബെൻഫിക്ക വിജയം നേടിയ മത്സരത്തിൽ ടീമിന്റെ ആദ്യത്തെ ഗോളാണ് ഡി മരിയ നേടിയത്.

മുപ്പത്തിരണ്ടാം മിനുട്ടിൽ ലഭിച്ച കോർണർ എടുത്തത് ഡി മരിയ ആയിരുന്നു. ഇടംകാലു കൊണ്ട് ഡി മരിയ എടുത്ത കിക്ക് പോസ്റ്റിന്റെ മൂലയിലേക്ക് വളഞ്ഞിറങ്ങിയപ്പോൾ ഗോൾകീപ്പർക്ക് ആശയക്കുഴപ്പം വന്ന് അത് തടുക്കാൻ കഴിഞ്ഞില്ല. അത് നേരെ വലക്കുള്ളിലേക്കുമെത്തി. ആദ്യം അത് ആരുടെ ഗോളാണെന്ന കാര്യത്തിൽ സംശയമുണ്ടായെങ്കിലും വീഡിയോ റഫറിയുടെ പരിശോധനക്ക് ശേഷം അത് ഡി മരിയയുടേതാണെന്ന് തെളിഞ്ഞു. ഒരു ഒളിമ്പിക് ഗോൾ അർജന്റൈൻ താരത്തിന് സ്വന്തം.

മത്സരത്തിൽ ഡി മരിയക്ക് പുറമെ റാഫ സിൽവ, ആർതർ കബ്രാൾ എന്നിവരാണ് ബെൻഫിക്കക്ക് വേണ്ടി ഗോൾ നേടിയത്.ഒരു ഗോളും അസിസ്റ്റും നേടിയ ഡി മരിയയാണ് കളിയിലെ താരം. മത്സരത്തിൽ വിജയം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ നിന്നും മുന്നേറാൻ കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനൽ കളിച്ച ബെൻഫിക്കക്ക് കഴിഞ്ഞില്ല. എങ്കിലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനം കൊണ്ട് യൂറോപ്പ ലീഗിന് യോഗ്യത നേടാൻ അവർക്കായി. റയൽ സോസിഡാഡ്, ഇന്റർ മിലാൻ എന്നിവരാണ് ഗ്രൂപ്പിൽ നിന്നും മുന്നേറിയത്.

നിരവധി വമ്പൻ ഓഫറുകൾ ഉണ്ടായിട്ടും ഈ സീസണിൽ യൂറോപ്പിൽ തന്നെ തുടരാൻ ഡി മരിയ തീരുമാനം എടുക്കുകയായിരുന്നു. വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനക്കൊപ്പം ഇറങ്ങാൻ തയ്യാറെടുപ്പ് നടത്താൻ വേണ്ടിയാണത്. കോപ്പ അമേരിക്കക്ക് ശേഷം വിരമിക്കുമെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും മികച്ച പ്രകടനം നടത്തി കോപ്പ അമേരിക്ക ടീമിൽ ഇടം പിടിക്കാനുള്ള തന്റെ ജോലി കൃത്യമായി നിർവഹിക്കാൻ താരത്തിന് കഴിയുന്നുണ്ട്.

Di Maria Superb Goal Against RB Salzburg