ഡി മരിയയുടെ വാക്ക് അവഗണിച്ചു, അർജന്റീന താരത്തെ മൊട്ടയടിപ്പിച്ച് പരിശീലകൻ | Di Maria

യുവന്റസ് കരാർ അവസാനിച്ച ഏഞ്ചൽ ഡി മരിയക്ക് അത് പുതുക്കാനുള്ള ഓഫർ ക്ലബ് നൽകിയിരുന്നെങ്കിലും താരം അത് സ്വീകരിക്കാൻ തയ്യാറായില്ല. കരാർ അവസാനിച്ച താരം തന്റെ മുൻ ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറുകയാണുണ്ടായത്. യൂറോപ്പിൽ തന്നെ കളിച്ച് അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുക്കുക എന്ന ലക്ഷ്യവുമായാണ് ഏഞ്ചൽ ഡി മരിയ ബെൻഫിക്കയിൽ എത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ ഏഞ്ചൽ ഡി മരിയയും യുവന്റസിൽ കളിച്ചിരുന്ന അർജന്റീന യുവതാരം മാത്തിയാസ് സൂളെയും തമ്മിൽ സോഷ്യൽ മീഡിയയിൽ നടന്ന രസകരമായ സംസാരം വാർത്തകളിൽ നിറയുന്നുണ്ട്. സൂളെ തന്റെ മുടിയുടെ സ്റ്റൈൽ മാറ്റിയതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ ഇട്ടപ്പോൾ കാണാൻ നല്ല രസമുണ്ടെന്നും എന്നാൽ അല്ലെഗ്രിക്ക് അതൊരിക്കലും ഇഷ്‌ടമാകില്ലെന്നുമാണ് ഡി മരിയ കമന്റിട്ടത്.

ഡി മരിയയുടെ വാക്കുകൾ സത്യമാണെന്ന് അതിനു ശേഷം സൂളെ ഇട്ട ചിത്രം വ്യക്തമാക്കുന്നു. യുവന്റസിന്റെ പ്രീ സീസൺ ട്രൈനിങ്ങിൽ വളരെ ചെറിയ തോതിൽ മാത്രം മുടിയോടെയാണ് താരം പങ്കെടുക്കുന്നത്. അല്ലെഗ്രിക്ക് ആ മുടി ഇഷ്‌ടമാകില്ലെന്നും വെട്ടാൻ പറയുമെന്നുമെന്നും താൻ നേരത്തെ പറഞ്ഞതല്ലേ എന്ന ഡി മരിയയുടെ ചോദ്യത്തിന് ‘നിങ്ങൾ പറഞ്ഞത് ശരിയാണ്’ എന്ന് സൂളെ മറുപടിയും നൽകിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ മൂന്നു അർജന്റീന താരങ്ങളാണ് യുവാന്റസിൽ കളിച്ചിരുന്നത്. ഏഞ്ചൽ ഡി മരിയ കരാർ അവസാനിച്ച് ബെൻഫിക്കയിലേക്ക് ചേക്കേറിയപ്പോൾ ലോണിൽ ടീമിലുണ്ടായിരുന്ന പരഡെസ് പിഎസ്‌ജിയിൽ തിരിച്ചെത്തിയിട്ടുണ്ട്. പുതിയ പരിശീലകനായ എൻറിക്കിന്റെ പദ്ധതികളിൽ ഇടമില്ലെങ്കിൽ പരഡെസ് പിഎസ്‌ജി വിടാനുള്ള സാധ്യതയാണ് കൂടുതലുള്ളത്.

Di Maria Warns Soule About Allegri For His Hairstyle