ഈ ട്രാൻസ്‌ഫർ ബ്ലാസ്‌റ്റേഴ്‌സിന് വലിയ തിരിച്ചടിയായി മാറില്ല, കാരണങ്ങളിതാണ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സഹൽ അബ്‌ദുൾ സമദിനേയും മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് താരമായ പ്രീതം കോട്ടാലിനെയും കൈമാറ്റം ചെയ്യാനുള്ള കരാർ ഏറെക്കുറെ തീരുമാനമായി കഴിഞ്ഞു. രണ്ടു താരങ്ങളും മൂന്നു വർഷത്തെ കരാറാണ് ക്ലബുകളുമായി ഒപ്പുവെക്കുകയെന്നാണ് റിപ്പോർട്ടുകൾ. രണ്ടു കോടി രൂപ കോട്ടാൽ പ്രതിഫലമായി വാങ്ങുമ്പോൾ മൂന്നു കോടി രൂപ വരെയാണ് സഹലിനു പ്രതിഫലം ലഭിക്കുക.

സഹൽ ക്ലബ് വിട്ടത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചതെങ്കിലും അതിൽ പൂർണമായും നിരാശപ്പെടേണ്ട കാര്യമില്ലെന്നതാണ് വാസ്‌തവം. സഹലിനു പകരക്കാരനായി പ്രീതം കോട്ടാൽ വന്നത് ബ്ലാസ്റ്റേഴ്‌സ് ടീമിന് കരുത്ത് നൽകുന്ന കാര്യമാണ്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടുന്നതിന് സുപ്രധാന പങ്കു വഹിച്ച താരമാണ് പ്രീതം.

ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ എത്തിയ സീസണിൽ മികച്ച പ്രകടനമാണ് സഹൽ നടത്തിയതെങ്കിലും കഴിഞ്ഞ സീസണിൽ അത്ര മികവ് പുലർത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ താരം ക്ലബ് വിട്ടാലും അതിനു പകരക്കാരെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിയും. അതേസമയം മോഹൻ ബഗാനിൽ പോയി തന്റെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹലിനും അവസരമുണ്ട്.

പ്രീതം കോട്ടാലിന്റെ വരവും ബ്ലാസ്റ്റേഴ്‌സിന് പുതിയൊരു ഊർജ്ജമാണ്. 2018 മുതൽ മോഹൻ ബഗാന് വേണ്ടി കളിക്കുന്ന താരത്തിന് സെന്റർ ബാക്കായും വിങ് ബാക്കായും ഇറങ്ങാൻ കഴിയും. ഇവാൻ വുകോമനോവിച്ചിന് പ്രീതത്തെ സ്വന്തമാക്കാൻ വളരെ താൽപര്യവും ഉണ്ടായിരുന്നു. പ്രീതം, ഹോർമിപാം, പ്രബീർ ദാസ്, ലെസ്‌കോവിച്ച് എന്നിവർക്കുള്ള പ്രതിരോധം മികച്ചതായിരിക്കും.

സഹൽ-പ്രീതം കൈമാറ്റക്കരാറിലൂടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും പരിഹാരം ലഭിക്കും. സഹലിനായി പ്രീതം കോട്ടാലിനു പുറമെ ഒന്നരക്കോടി രൂപയും മോഹൻ ബഗാൻ നൽകുന്നുണ്ട്. സഹലിനു പുറമെ റെക്കോർഡ് തുകക്ക് ഗോൾകീപ്പറായ ഗില്ലിനെ വിൽക്കാനുള്ള നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ട്.

Sahal Pritam Swap Deal Good For Kerala Blasters