വാങ്ങിയത് ബഹുമുഖപ്രതിഭയെ, ആരാധകർക്ക് ആശ്വാസം നൽകുന്ന സൈനിങ്‌ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ടീമിലെ പ്രധാന താരങ്ങളെല്ലാം ക്ലബ് വിടുന്നതിന്റെ നിരാശയിൽ ആരാധകർ നിൽക്കുമ്പോൾ പ്രതീക്ഷ നൽകുന്ന സൈനിംഗുമായി കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്‌സിയിൽ നിന്നും മണിപ്പൂർ താരമായ നവോച്ച സിംഗിനെ സ്വന്തമാക്കിയ വിവരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇരുപത്തിമൂന്നു വയസുള്ള താരം ഒരു വർഷത്തെ ലോൺ കരാറിലാണ് ക്ലബ്ബിലേക്ക് വരുന്നത്.

നെറോക്കയിൽ തുടങ്ങി ട്രാവു എഫ്‌സിയിലൂടെ കരിയർ ആരംഭിച്ച നവോച്ച സിങ് ഗോകുലം കേരളക്ക് വേണ്ടി കളിക്കുമ്പോഴാണ് തന്റെ പ്രതിഭ കൂടുതൽ തെളിയിക്കുന്നത്. സെൻട്രൽ ഡിഫൻസിൽ നിന്നും ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് മാറിയ താരം അവിടെയും മികച്ച പ്രകടനം നടത്തി. ബ്ലാസ്റ്റേഴ്‌സിന് ഒന്നിലധികം പൊസിഷനിൽ കളിക്കാൻ കഴിയുന്ന ഒരു ബഹുമുഖ പ്രതിഭയെയാണ് ലഭിച്ചിരിക്കുന്നത്.

ഗോകുലം കേരളയിൽ നിന്നും മുംബൈ സിറ്റി സ്വന്തമാക്കിയ നവോച്ച ഈസ്റ്റ് ബംഗാൾ, റൌണ്ട് ഗ്ലാസ് പഞ്ചാബ് എന്നീ ക്ലബുകളിലാണ് ലോണിൽ കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം നേടാൻ പഞ്ചാബ് ടീമിനെ താരം വളരെയധികം സഹായിക്കുകയുണ്ടായി. അതിനു പിന്നാലെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ മാറ്റുരക്കാൻ നവോച്ചക്ക് അവസരം ലഭിച്ചിരിക്കുന്നത്.

താരത്തിന് കേരളത്തിൽ കളിച്ചു പരിചയമുള്ളത് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യും. വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടുതൽ കൂടുതൽ മികവ് കാണിക്കുന്ന താരമാണ് നവോച്ച. അതുകൊണ്ടു തന്നെ തനിക്ക് കിട്ടിയ അവസരം താരം ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയേക്കും. പ്രധാന താരങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ നിന്നും കൊഴിഞ്ഞു പോകുമ്പോൾ ആരാധകർക്ക് പ്രതീക്ഷ ഇതൊക്കെ തന്നെയാണ്.

Kerala Blasters Sign Naocha Singh