ലോകകപ്പിനു താരങ്ങളെ നൽകിയതിന് ഏറ്റവുമധികം പ്രതിഫലം നേടിയ ക്ലബുകൾ, മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് | World Cup

നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന ഖത്തർ ലോകകപ്പിൽ പങ്കെടുക്കാൻ താരങ്ങളെ അനുവദിച്ചതിന്റെ പേരിൽ ക്ലബുകൾക്ക് പ്രതിഫലം നൽകിയതിൽ ഏറ്റവുമധികം തുക നേടിയത് മാഞ്ചസ്റ്റർ സിറ്റി. ഫിഫ ക്ലബുകൾക്ക് നൽകിയ തുകയുടെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ദി ക്ലബ് ബെനെഫിറ്റ്‌സ് പ്രോഗ്രാം വെളിപ്പെടുത്തിയത്. ഓരോ താരങ്ങളെയും ക്ലബുകൾ റിലീസ് ചെയ്യുന്ന ദിവസം മുതലുള്ള തുക കണക്കാക്കിയാണ് ഫിഫ നൽകുക.

51 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള 440 ക്ലബുകൾക്കാണ് ഫിഫ പ്രതിഫലം നൽകിയിരിക്കുന്നത്. ഇതിനായി 209 മില്യൺ ഡോളറാണ് ഫിഫ മുടക്കിയത്. ലോകകപ്പിൽ കളിക്കാനായി എത്തിയ 837 ഫുട്ബോൾ താരങ്ങൾക്ക് ഇത്തരത്തിൽ പ്രതിഫലം നൽകി. താരങ്ങളുടെ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ താരങ്ങൾക്കും ഒരേ പ്രതിഫലമാണ് ഫിഫ നൽകിയത്. ഒരു ദിവസത്തേക്ക് പതിനായിരത്തിലധികം ഡോളറാണ് ഒരു താരത്തിന് ലഭിക്കുക.

ലോകകപ്പ് നേടിയ അർജന്റീനക്കായി മിന്നുന്ന പ്രകടനം നടത്തിയ ഹൂലിയൻ അൽവാരസ് അടക്കമുള്ള താരങ്ങളെ നൽകിയ മാഞ്ചസ്റ്റർ സിറ്റിക്ക് നാലര മില്യൺ ഡോളറിലധികമാണ് പ്രതിഫലമായി ഫിഫ നൽകിയത്. തൊട്ടു പിന്നിൽ നിൽക്കുന്നത് ബാഴ്‌സലോണയാണ്. മാഞ്ചസ്റ്റർ സിറ്റിയുമായി വളരെ കുറഞ്ഞ തുകയുടെ വ്യത്യാസം മാത്രമാണ് ബാഴ്‌സലോണക്കുള്ളത്. ബയേൺ മ്യൂണിക്കാണ് മൂന്നാം സ്ഥാനത്ത്.

റയൽ മാഡ്രിഡ് നാലാമതും, ലോകകപ്പ് ഫൈനലിൽ മിന്നുന്ന പ്രകടനം നടത്തിയ മെസിയും എംബാപ്പയും കളിച്ച ക്ലബായ പിഎസ്‌ജി അഞ്ചാമതുമാണ്. താരങ്ങൾ നിലവിൽ കളിക്കുന്ന ക്ലബുകൾക്ക് മാത്രമല്ല ഫിഫയുടെ പ്രതിഫലം ലഭിക്കുകയെന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളുടെ ഉള്ളിൽ താരം കളിച്ച ക്ലബുകൾക്കും ഇതിന്റെ വിഹിതം ലഭിക്കും.

FIFA Money To Clubs For World Cup Players