ഓരോ സീസണിലും കൂടുതൽ മികച്ച പ്രകടനം, ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്‌ പ്രതീക്ഷ നൽകുന്നത് | Naocha Singh

ഗിൽ ക്ലബ് വിടുമെന്ന് സ്ഥിരീകരിക്കുകയും സഹൽ ക്ലബ് വിടാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയും ചെയ്‌ത സമയത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിങ്‌ പ്രഖ്യാപനം നടത്തുന്നത്. മുംബൈ സിറ്റി എഫ്‌സിയിൽ നിന്നും ഇരുപത്തിമൂന്നുകാരനായ മണിപ്പൂർ താരം നവോച്ച സിംഗിനെ ഒരു വർഷത്തെ ലോൺ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്.

മണിപ്പൂരിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള നവോച്ച സിംഗിന്റെ വളർച്ച കഠിനാധ്വാനത്തിലൂടെ ആയിരുന്നു. ഇവാൻ വുകോമനോവിച്ചിന് കീഴിൽ തന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തിയെടുക്കാൻ നവോച്ചക്ക് അവസരമുണ്ട്. സെൻട്രൽ ഡിഫെൻഡറായ താരത്തിന് വിങ് ബാക്കായി കളിക്കാൻ കഴിയുമെന്നതും ടീമിന് ഉപയോഗപ്പെടുത്താൻ കഴിയുന്ന കാര്യമാണ്.

നേരൊക്ക എഫ്‌സി, ട്രാവു എഫ്‌സി എന്നിവയിലൂടെ കരിയർ ആരംഭിച്ച നവോച്ച സിങ്ങിന് കേരളം തന്നെയാണ് കൂടുതൽ മെച്ചപ്പെടുത്തി എടുത്തത്. ഗോകുലം കേരളയിൽ കളിക്കുന്ന സമയത്ത് സെൻട്രൽ ഡിഫൻഡർ, ഫുൾ ബാക്ക് എന്നീ സ്ഥാനങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരത്തെ അതിനു പിന്നാലെയാണ് മുംബൈ സിറ്റി സ്വന്തമാക്കിയത്. എന്നാൽ ടീമിൽ അവസരങ്ങൾ ഇല്ലായിരുന്നു.

മുംബൈ സിറ്റിയിൽ നിന്നും ഈസ്റ്റ് ബംഗാൾ, റൌണ്ട് ഗ്ലാസ് പഞ്ചാബ് എന്നീ ടീമുകളിൽ താരം ലോണിൽ കളിച്ചു. കഴിഞ്ഞ സീസണിൽ പഞ്ചാബ് ടീമിനെ ഐ ലീഗ് ജേതാക്കളാക്കി ഐഎസ്എല്ലിന് യോഗ്യത നേടിക്കൊടുത്തതിന് പിന്നിൽ നവോച്ചയുടെ മിന്നുന്ന പ്രകടനം കൂടിയുണ്ട്. 17 മത്സരങ്ങൾ പഞ്ചാബ് ടീമിനായി കളിച്ച താരം സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിനെതിരെയും ഇറങ്ങിയിരുന്നു.

17 മത്സരങ്ങളിൽ 120 ഇന്റർസെപ്‌ഷനും 36 ക്രോസുകളും 45 ടാക്കിളുകളുമാണ് നവോച്ച സിങ് കഴിഞ്ഞ സീസണിൽ നടത്തിയിരിക്കുന്നത്. ഓരോ സീസണിലും തന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുള്ള താരത്തിന് ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിവ് തെളിയിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. അത് താരം ഉപയോഗപ്പെടുത്തുമെന്നതിൽ സംശയമില്ല.

Naocha Singh Good Addition For Kerala Blasters