യുവതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് പ്രോത്സാഹിപ്പിക്കുന്നു, ടീമിലേക്ക് ഏറ്റവും ആകർഷിച്ച കാര്യം വെളിപ്പെടുത്തി നവോച്ച സിങ് | Kerala Blasters

അടുത്ത സീസണിലേക്ക് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് പുതിയൊരു സൈനിങ്‌ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. മുംബൈ സിറ്റി എഫ്‌സിയിൽ നിന്നും ഒരു വർഷത്തെ ലോൺ കരാറിൽ മണിപ്പൂർ താരമായ നവോച്ച സിങ്ങിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. സെൻട്രൽ ഡിഫൻഡറായും വിങ് ബാക്കായും കളിക്കാൻ കഴിയുന്ന താരമാണ് ഇരുപത്തിമൂന്നുകാരനായ നവോച്ച സിങ്.

മണിപ്പൂരിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കഠിനാധ്വാനം ചെയ്‌താണ്‌ താരം എത്തിയിട്ടുള്ളത്. കരിയറിന്റെ ഓരോ ഘട്ടത്തിലും കൂടുതൽ മെച്ചപ്പെട്ടു വരുന്ന താരം കഴിഞ്ഞ സീസണിൽ ഐ ലീഗ് നേടിയ റൌണ്ട് ഗ്ലാസ് പഞ്ചാബിന് വേണ്ടി ഗംഭീര പ്രകടനം നടത്തുകയുണ്ടായി. മുംബൈ സിറ്റിയിൽ നിന്നും ലോണിൽ പഞ്ചാബിനായി കളിച്ച താരം കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്‌ഫറിൽ തനിക്കുള്ള പ്രതീക്ഷകൾ വെളിപ്പെടുത്തുകയുണ്ടായി.

“കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്, അവർ എല്ലായിപ്പോഴും യുവതാരങ്ങൾക്ക് പിന്തുണ നൽകിയിരുന്നു. ഇവാനോപ്പം പുതിയൊരു തലത്തിലുള്ള പ്രകടനത്തിലേക്ക് ഉയരാൻ കഴിയുമെന്നും ടീമിന്റെ വിജയത്തിന് സംഭാവന നൽകാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ശൈലിയാണ് എന്നെ ആകർഷിക്കുന്നത്.”

“കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശൈലിയുമായി ചേർന്ന് പോകാൻ കഴിയുമെന്നും ടീമിന്റെ വിജയങ്ങൾക്ക് വേണ്ടി മികച്ച സംഭാവന നൽകാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. സീസൺ തുടങ്ങാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഞാൻ.” കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ നവോച്ച സിങ് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിൽ വേണ്ടത്ര പരിചയസമ്പത്തില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽകുന്ന സൈനിങ്‌ തന്നെയാണ് നവോച്ച സിങ്. ഓരോ സീസണിലും കൂടുതൽ മെച്ചപ്പെട്ടു വരുന്ന താരത്തിന് അത് വികസിപ്പിക്കാനുള്ള അവസരമാണ് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ലഭിച്ചിരിക്കുന്നത്.

Naocha Cant Wait To Play For Kerala Blasters