റയൽ മാഡ്രിഡിനേക്കാൾ മികച്ച ടീമാണ് ബാഴ്‌സലോണ, ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ കഴിയുമെന്ന് ലപോർട്ട | Barcelona

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന്റെ ആധിപത്യം അവസാനിപ്പിച്ച് ലാ ലിഗ കിരീടവും സ്‌പാനിഷ്‌ സൂപ്പർ കപ്പും നേടാൻ ബാഴ്‌സലോണക്ക് കഴിഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധികൾ ബാധിച്ച ടീം അതിന്റെ പരിമിതികളുടെ ഉള്ളിൽ നിന്നുകൊണ്ടാണ് ഈ വിജയം സ്വന്തമാക്കിയത്. സീസണിനിടയിൽ നിരവധി താരങ്ങൾക്ക് ഒരുമിച്ച് പരിക്ക് പറ്റിയതിനാൽ ചാമ്പ്യൻസ് ലീഗിൽ മാത്രം അവർക്ക് മുന്നേറാൻ കഴിഞ്ഞില്ല.

വരുന്ന സീസൺ മുൻനിർത്തി ബാഴ്‌സ ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും മധ്യനിര താരം ഇൽകെയ് ഗുൻഡോഗൻ, അത്‌ലറ്റിക് ബിൽബാവോയിൽ നിന്നും പ്രതിരോധതാരം ഇനിഗോ മാർട്ടിനസ് എന്നിവരെ നേരത്തെ ടീമിലെത്തിച്ച ബാഴ്‌സലോണ അതിനു ശേഷം ബ്രസീലിയൻ താരം വിക്റ്റർ റോക്യൂവിനെയും സ്വന്തമാക്കി ആത്മവിശ്വാസത്തോടെയാണ് അടുത്ത സീസണിനായി തയ്യാറെടുക്കുന്നത്.

“ഞങ്ങൾക്ക് റയൽ മാഡ്രിഡിനെക്കാൾ മികച്ചൊരു ടീമുണ്ട്, എതിരാളികളെ വെച്ച് നോക്കുമ്പോൾ ചെറിയ വ്യത്യാസമുണ്ടെങ്കിലും വ്യക്തിപരമായും ഞങ്ങൾ മികച്ചതാണ്. ക്ലബ് മെമ്പറെന്ന നിലയിലും ആരാധകൻ എന്ന നിലയിലും ഞങ്ങൾ പടുത്തുയർത്തുന്ന ടീമിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ട പറഞ്ഞു.

കഴിഞ്ഞ സീസണിൽ ലീഗും സൂപ്പർകപ്പും നേടിയ ബാഴ്‌സലോണ ഇത്തവണക്കും ആധിപത്യം പുലർത്താൻ കഴിയുമെന്നും ചാമ്പ്യൻസ് ലീഗിനായി പൊരുതാൻ കഴിയുന്ന ഒരു ടീമിനെ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ലപോർട്ട പറഞ്ഞു. വ്യക്തിഗത സൈനിംഗുകളെക്കാൾ കൂടുതൽ മികച്ചൊരു ടീമിനെ ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും ഗുൻഡോഗൻ, ഇനിഗോ എന്നിവരെല്ലാം അതിനു യോജിച്ച താരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പുതിയ സീസണിന് മുന്നോടിയായി റയൽ മാഡ്രിഡ് ജൂഡ് ബെല്ലിങ്ങ്ഹാം, ജോസെലു, ഫ്രാൻ ഗാർസിയ, ആർദ ഗുളർ എന്നീ താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ തുർക്കിഷ് താരമായ ആർദ ഗുളറെ ബാഴ്‌സലോണ ലക്ഷ്യമിട്ട് സ്വന്തമാക്കാൻ നിൽക്കുമ്പോഴാണ് റയൽ മാഡ്രിഡ് റാഞ്ചിയത്.

Laporta Says Barcelona Team Better Than Real Madrid