സമ്മർദ്ദമില്ലാതെ ലീഗിൽ കളിക്കാനാണ് മെസി ആഗ്രഹിച്ചത്, കരാർ ധാരണയിലെത്തിയിരുന്നുവെന്ന് ലപോർട്ട | Messi

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. ബാഴ്‌സലോണ തന്നെ അതിന്റെ സൂചനകൾ നല്കിയിരുന്നതിനാൽ മെസിയുടെ മടങ്ങിവരവ് യാഥാർഥ്യമാകുമെന്ന് തന്നെയാണ് ഏവരും കരുതിയിരുന്നത്. എന്നാൽ അവരെയെല്ലാം നിരാശയിലാക്കിയാണ് ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്.

ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധികൾ കാരണം ചില താരങ്ങളെ ഒഴിവാക്കിയാൽ മാത്രമേ അവർക്ക് മെസിയെ സ്വന്തമാക്കാൻ കഴിയുമായിരുന്നുള്ളൂ. അതിനു സമയമെടുക്കുമെന്നതിനാൽ മെസിയോട് കാത്തിരിക്കാൻ ബാഴ്‌സ ആവശ്യപ്പെട്ടെങ്കിലും തന്റെ ഭാവിയിൽ വളരെ പെട്ടന്ന് തീരുമാനമെടുക്കുക എന്നതായിരുന്നു മെസിയുടെ നിലപാട്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ലപോർട്ട സംസാരിക്കുകയുണ്ടായി.

“ഞങ്ങൾ സമ്മതമറിയിച്ചിരുന്നു, എന്നാൽ ഓരോന്നിനും അതിന്റേതായ സമയമുണ്ട്. കരാർ അംഗീകരിച്ചു എങ്കിലും ലാ ലിഗ സമ്മതം തന്ന സമയത്ത് മെസിയുടെ അച്ഛൻ പറഞ്ഞത് താരത്തിന് ബുദ്ധിമുട്ടേറിയ രണ്ടു വർഷങ്ങളാണ് പാരീസിൽ ഉണ്ടായതെന്നും കൂടുതൽ സമ്മർദ്ദമില്ലാതെ തുടർന്ന് കളിക്കണമെന്നുമാണ്. അത് മനസിലാക്കാൻ കഴിയുന്ന കാര്യമാണെന്ന് ഞാനും പറഞ്ഞു.” ലപോർട്ട പറഞ്ഞു.

ബാഴ്‌സലോണ മുന്നോട്ടു വെച്ച ഓഫർ സ്വീകരിച്ചിരുന്നെങ്കിൽ മെസിയുടെ ട്രാൻസ്‌ഫർ പൂർത്തിയാകാൻ സമയമെടുക്കുമായിരുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ് അതുപോലെയൊരു സാഹചര്യം വന്നാണ് മെസിക്ക് ബാഴ്‌സലോണ വിടേണ്ടി വന്നത്. വീണ്ടും അതാവർത്തിക്കാൻ താരം ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് ബാഴ്‌സക്കായി കാത്തിരിക്കാതെ മെസി അമേരിക്കയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്.

Laporta Says Messi Contract Was Agreed