സഹലിനു മൂന്നു കോടി പ്രതിഫലവും ജോലിയും വാഗ്‌ദാനം, ട്രാൻസ്‌ഫർ യാഥാർത്ഥ്യമാകുന്നു | Sahal

കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സഹൽ അബ്‌ദുൾ സമദ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ യാഥാർത്ഥ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ടീമിന്റെ പ്രധാന താരവും ആരാധകരുടെ പ്രിയങ്കരനുമായ സഹലിനായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സാണ് നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ രണ്ടു ടീമുകളും തമ്മിൽ ധാരണയിലെത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ.

മൂന്നു കോടി രൂപയാണ് സഹലിനു പ്രതിവർഷം മോഹൻ ബഗാൻ പ്രതിഫലം നൽകുകയെന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായി സഹൽ മാറും. മൂന്നു വർഷത്തെ കരാറാണ് താരം ഒപ്പിടുക, അത് രണ്ടു വർഷത്തേക്ക് കൂടി പുതുക്കാൻ കഴിയും. സഹലിനു ജോലി നൽകുമെന്ന ഉടമ്പടിയും കരാറിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സഹലിനു പകരം പ്രീതം കൊട്ടാലിനെ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും. നിലവിൽ ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ പ്രീതം കോട്ടലിന് രണ്ടു കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിൽ പ്രതിഫലമായി ലഭിക്കുക. പ്രീതമിനെ നൽകുന്നതിനൊപ്പം ട്രാൻസ്‌ഫർ ഫീസായി ഒരു തുകയും മോഹൻ ബഗാൻ നൽകും. നാല് കോടി രൂപ മൂല്യമുള്ള ട്രാൻസ്‌ഫറാണ് നടക്കുകയെന്നാണ് സൂചനകൾ.

അഭ്യൂഹങ്ങൾ സത്യമാണെങ്കിൽ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള ട്രാൻസ്‌ഫറായി ഇത് മാറുമെന്നതിൽ സംശയമില്ല. ഏതാനും വർഷങ്ങളായി കേരള ബ്ലാസ്‌റ്റേഴ്‌സിലുള്ള സഹൽ ടീം വിട്ടാൽ ക്ലബിന്റെ മുഖമായി മാറിയ ഒരാളെയാണ് നഷ്‌ടമാകുന്നത്. അതേസമയം ഈ ട്രാൻസ്‌ഫർ സഹലിനു കൂടുതൽ ഗുണം ചെയ്യുമെന്ന അഭിപ്രായവും ആരാധകർക്കുണ്ട്.

Sahal Abdul Samad Pritam Kottal Swap Deal