റൊണാൾഡോയുടെ അൽ നസ്റിന് ഫിഫയുടെ വിലക്ക്, പുതിയ സീസണു വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് തിരിച്ചടി | Al Nassr

അപ്രതീക്ഷിതമായൊരു ട്രാൻസ്‌ഫറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി ലോകഫുട്ബോളിൽ ചർച്ചാവിഷയമായ ക്ലബാണ് അൽ നസ്ർ. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുക പ്രതിഫലം നൽകിയാണ് കഴിഞ്ഞ ലോകകപ്പിനു പിന്നാലെ അവർ പോർച്ചുഗൽ താരത്തെ ടീമിലെത്തിച്ചത്. അതിനു ശേഷം ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലും അവർ യൂറോപ്പിൽ നിന്നുള്ള മികച്ച താരങ്ങളെ ലക്ഷ്യമിട്ടു കൊണ്ടിരിക്കുന്നു.

അൽ നസ്റിന്റെ ട്രാൻസ്‌ഫർ നീക്കങ്ങൾ താൽക്കാലികമായി അവസാനിക്കാൻ പോവുകയാണ്. സൗദി ക്ലബിനെ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും ഫിഫ വിലക്കിയിരിക്കുന്നു. 2018ൽ ലൈംസ്റ്റർ സിറ്റിയിൽ നിന്നും അഹ്‌മദ്‌ മൂസയെ അൽ നസ്ർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട ഉടമ്പടികൾ പാലിക്കാത്തതിനെ തുടർന്നാണ് ഫിഫയുടെ വിലക്ക് വന്നിരിക്കുന്നത്.

വിലക്കിന്റെ സമയത്ത് താരങ്ങളെ ടീമിലെത്തിച്ചാലും അവരെ ക്ലബിന് രജിസ്റ്റർ ചെയ്യാൻ കഴിയില്ല. അഹ്‌മദ്‌ മൂസ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് അൽ നസ്ർ ലൈസ്റ്റർ സിറ്റിക്ക് പണം നൽകാൻ ബാക്കിയുണ്ട്. ഇംഗ്ലീഷ് ക്ലബിന് നാല് ലക്ഷം പൗണ്ട് നൽകിയാൽ മാത്രമേ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയൂ. നിലവിലെ സാഹചര്യത്തിൽ ഈ തുക അൽ നസ്ർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റൊണാൾഡോക്ക് പുറമെ ഇന്റർ മിലാനിൽ നിന്നും ക്രൊയേഷ്യൻ മിഡ്‌ഫീൽഡർ മാഴ്‌സലോ ബ്രോസവിച്ചാണ് അൽ നസ്റിൽ എത്തിയിരിക്കുന്നത്. ഇറ്റാലിയൻ താരം ഡൊമെനിക്കോ ബെറാർഡി, മൊറോക്കൻ താരം ഹക്കിം സിയച്ച് എന്നിവരെല്ലാം സൗദി ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങളുണ്ട്. സൗദി അറേബ്യയിലെ മറ്റു ക്ലബുകളും വമ്പൻ താരങ്ങളെ സ്വന്തമാക്കി തുടങ്ങിയിട്ടുണ്ട്.

FIFA Ban Al Nassr From Registering New Players