“പതിനഞ്ചു പേർ ടീമിലുള്ളതു പോലെയാണവർ കളിക്കുക”- താൻ വെറുക്കുന്ന ടീമിനെ വെളിപ്പെടുത്തി ബ്രസീലിയൻ താരം | Man City

പ്രീമിയർ ലീഗിലെ പുതിയ ശക്തികേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ന്യൂകാസിൽ യുണൈറ്റഡിന്റെ പ്രധാന താരമാണ് ബ്രൂണോ ഗുയ്മെറൈസ്. ലിയോണിൽ നിന്നും പ്രീമിയർ ലീഗിൽ എത്തിയതിനു ശേഷം മിന്നുന്ന പ്രകടനമാണ് താരം ടീമിനായി നടത്തുന്നത്. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്‌ഫീൽഡറെ എടുത്താൽ അതിൽ താരത്തിന്റെ പെരുമുണ്ടാകും.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് ന്യൂകാസിൽ നടത്തിയത്. പ്രീമിയർ ലീഗിൽ ടോപ് ഫോറിലെത്തി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ അവർ കറബാവോ കപ്പിന്റെ ഫൈനലിലും ഇടം പിടിച്ചിരുന്നു. അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്താനാണ് ന്യൂകാസിലിന്റെ ലക്ഷ്യമെങ്കിലും കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കാൻ ഇഷ്‌ടമല്ലെന്നാണ് ബ്രൂണോ ഗയ്‌മറൈസ് പറയുന്നത്.

“മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലണ്ടിലെ മറ്റു ക്ലബുകളെക്കാൾ ഒരുപടി മുന്നിലാണെന്ന കാര്യത്തിൽ സംശയമില്ല. ഞങ്ങൾ അവിടെ കളിക്കുന്ന സമയത്താണ് ഏറ്റവും മോശമായി കളിക്കുക. ഞാനത് വെറുക്കുന്നു. ഞങ്ങൾ കുട്ടികളും അവർ പ്രൊഫെഷണൽസും എന്നതു പോലെയാണ് മത്സരമുണ്ടാവുക. ഭീകരമാണത്. അവർ പതിനഞ്ചു പേരാണെങ്കിൽ ഞങ്ങൾ ഏഴുപേരെന്നതു പോലെ. എല്ലായിടത്തും നീലയാണെന്ന് നമുക്ക് തോന്നും.” ബ്രൂണോ ഗുയ്മെറൈസ് പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിക്ക് വ്യക്തമായ ആധിപത്യമുണ്ടെങ്കിലും തന്റെ ടീമിന്റെ കിരീടാവരൾച്ച അവസാനിപ്പിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ബ്രസീലിയൻ താരത്തിനുണ്ട്. ഇരുപത്തിനാലു വർഷമായി ഒരു ഫൈനൽ പോലും കളിക്കാതിരുന്ന ടീം കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയെന്നും അതിനു പുറമെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഞെട്ടിയെന്നും ചൂണ്ടിക്കാട്ടിയ താരം അടുത്ത സീസണിൽ കിരീടം നേടുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു.

Bruno Guimaraes Hate To Play Against Man City