ദിമിത്രിയോസിന്റെ കാര്യത്തിൽ സംഭവിച്ചതെന്ത്, കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ വ്യക്തമാക്കുന്നു
കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ച സ്‌ട്രൈക്കർമാരിൽ ഏറ്റവും മികച്ചവരിൽ ഒരാളായിരുന്നു ദിമിത്രിയോസ് ഡയമെന്റക്കൊസ്. രണ്ടു സീസണുകൾ കളിച്ച താരം ആദ്യത്തെ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്കോററായി. അതിനു ശേഷം കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്കോററായി ഗോൾഡൻ ബൂട്ട് ആദ്യമായി ടീമിലേക്കെത്തിച്ചു.
എന്നാൽ ടീമിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ തന്റെ കരാർ അവസാനിച്ചതോടെ ക്ലബ് വിടുകയായിരുന്നു. കൊൽക്കത്ത ക്ലബായ മോഹൻ ബഗാനിലേക്കാണ് ദിമിത്രിയോസ് ചേക്കേറിയത്. ആരാധകർക്ക് വളരെയധികം രോഷമുണ്ടാക്കിയ കാര്യമായിരുന്നു അത്. രണ്ടു സീസണുകളിൽ നിരവധി ഗോളുകൾ അടിച്ചുകൂട്ടിയ താരത്തെ കൈവിട്ടതിനു ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വലിയ വിമർശനങ്ങളും ഏറ്റുവാങ്ങി.
Karolis Skinkys 🗣️ “With Diamantakos, the reality is that he decided to leave. The challenge is to replace him. Jiminez brings quality, new energy and should be an equally good replacement, though I don't want to compare players because it's a team sport.” @TOIGoaNews #KBFC pic.twitter.com/KSnZP0zolk
— KBFC XTRA (@kbfcxtra) September 12, 2024
കഴിഞ്ഞ ദിവസം ദിമിത്രിയോസിനെ കൈവിട്ടതിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ സംസാരിക്കുകയുണ്ടായി. ഗ്രീക്ക് താരം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത് സ്വന്തം താല്പര്യത്തിന്റെ പുറത്താണെന്നാണ് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ കരോലിസ് സ്‌കിങ്കിസ് പറയുന്നത്. പകരക്കാരനായെത്തിയ ജീസസ് ജിമിനസിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
“ദിമിത്രിയോസുമായി ബന്ധപ്പെട്ടുള്ള യാഥാർഥ്യം അദ്ദേഹമാണ് ക്ലബ് വിടാനുള്ള തീരുമാനം എടുത്തതെന്നതാണ്. താരത്തിന് പകരക്കാരനെ കണ്ടെത്തുക വലിയൊരു വെല്ലുവിളിയായിരുന്നു. ജീസസ് ജിമിനസ് നിലവാരവും ഊർജ്ജവും നൽകുന്ന മികച്ചൊരു പകരക്കാരൻ തന്നെയാണ്. എന്നാൽ കളിക്കാരെ താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഇതൊരു ടീം സ്പോർട്ട്സാണ്.” സ്‌കിങ്കിസ് പറഞ്ഞു.
ജിമിനസ് കൂടി എത്തിയതോടെ വളരെ പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ മത്സരത്തിനായി ഒരുങ്ങുന്നത്. സെപ്‌തംബർ പതിനഞ്ചിനു പഞ്ചാബ് എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ മത്സരം കളിക്കുന്നത്. സ്വന്തം മൈതാനത്ത് വിജയിച്ചു തുടങ്ങാമെന്ന പ്രതീക്ഷ ടീമിനുണ്ട്.