ഇനി എതിരാളികളുടെ തട്ടകത്തിൽ, ദിമിത്രിയോസിനെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകൾ പിന്നിടുമ്പോൾ ദിമിത്രിയോസ് ഡയമെന്റക്കൊസ് മറ്റൊരു ഐഎസ്എൽ ക്ലബ്ബിലേക്ക് ചേക്കേറിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിച്ച ദിമിത്രിയോസ് ഇന്നാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇനി ടീമിനൊപ്പമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചത്.

ദിമിത്രിയോസ് ക്ലബ് വിടുകയാണെന്ന് പ്രഖ്യാപിച്ചതോടെ ആരാധകരുടെ ആശങ്ക ഇരട്ടിയായി മാറിയിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലായി ഗംഭീര പ്രകടനം ഐഎസ്എല്ലിൽ നടത്തുന്ന താരം ഇവിടെത്തന്നെയുള്ള മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറിയാൽ അത് ബ്ലാസ്റ്റേഴ്‌സിന് വലിയ ഭീഷണിയായി മാറുമെന്നതാണ് ആരാധകരുടെ ആശങ്കയുടെ പ്രധാന കാരണം.

എന്തായാലും ആരാധകർ പേടിച്ചത് തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഒരു ഐഎസ്എൽ ക്ലബുമായി രണ്ടു വർഷത്തെ കരാർ ദിമിത്രിയോസ് ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിൽ ലഭിച്ചതിനേക്കാൾ ഉയർന്ന പ്രതിഫലം താരത്തിന് ലഭിക്കും. മുംബൈ സിറ്റിയിലേക്കാണ് ദിമിത്രിയോസ് ചേക്കേറിയതെന്നാണ് റിപ്പോർട്ടുകൾ.

ഇവാൻ വുകോമനോവിച്ചിന്റെ ആദ്യത്തെ സീസണിൽ ടീമിന് വേണ്ടി ഗംഭീര പ്രകടനം നടത്തി പിന്നീട് മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ അർജന്റീന താരമായ ജോർജ് പെരേര ഡയസ് അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. താരത്തിന് പകരക്കാരനായി, അതെ പാത പിന്തുടർന്നു കൊണ്ടാണ് ദിമിത്രിയോസ് മുംബൈ സിറ്റിയിലേക്ക് ചേക്കേറുന്നത്.

ദിമിത്രിയോസിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് നൽകുന്ന തിരിച്ചടി ചെറുതാവില്ല. ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ആദ്യത്തെ കേരള ബ്ലാസ്റ്റേഴ്‌സ് താരമെന്ന റെക്കോർഡ് നേടിയതിനു പിന്നാലെയാണ് ദിമിത്രിയോസ് ക്ലബ് വിടുന്നത്. താരത്തെ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ചെയ്‌തില്ലെന്നു തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

Dimitrios Has Joined Another ISL Club