കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ ഓഫർ തൃപ്‌തികരമല്ല, ഐഎസ്എല്ലിനു ശേഷം ദിമിത്രിയോസ് ക്ലബ് വിടും | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർതാരവും ഐഎസ്എൽ ഈ സീസണിൽ നിലവിലെ ടോപ് സ്‌കോററുമായ ദിമിത്രിയോസ് ഡയമെന്റക്കൊസ് അടുത്ത സീസണിൽ ടീമിനൊപ്പം തുടരാനുള്ള സാധ്യത മങ്ങുന്നു. ഈ സീസണോടെ കേരള ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിക്കാനിരിക്കുന്ന താരത്തിന് അത് പുതുക്കാനുള്ള ക്ലബിന്റെ നീക്കങ്ങൾ തൃപ്‌തിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രധാന സ്‌ട്രൈക്കറാണ് ദിമിത്രിയോസ്. കരിയറിൽ മോശം സാഹചര്യത്തിൽ നിൽക്കുന്ന സമയത്താണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ താരത്തിന് താരതമ്യേനെ പ്രതിഫലം കുറവുള്ള കരാറായിരുന്നു താരത്തിന്റേത്. രണ്ടു വർഷത്തെ കരാറിലാണ് ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്.

എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ കഴിഞ്ഞ രണ്ടു സീസണുകളിലായി മിന്നുന്ന പ്രകടനമാണ് ദിമിത്രിയോസ് നടത്തുന്നത്. കഴിഞ്ഞ സീസണിൽ പത്ത് ഗോളുകളും മൂന്നു അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഈ സീസണിൽ പതിമൂന്നു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. ഐഎസ്എല്ലിൽ തനിക്ക് ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് താരം തെളിയിച്ചു കഴിഞ്ഞു.

ദിമിത്രിയോസിന്റെ കരാർ പുതുക്കണമെന്ന ആവശ്യം ആരാധകർ ഉന്നയിക്കാൻ തുടങ്ങിയിട്ട് കുറച്ചേറെയായി. താരത്തിന് കരാർ പുതുക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നൽകുകയും ചെയ്‌തിരുന്നു. എന്നാൽ താൻ നടത്തുന്ന പ്രകടനത്തെ നീതീകരിക്കുന്ന ഒരു കരാറല്ല ബ്ലാസ്റ്റേഴ്‌സ് നൽകിയത് എന്നതിനാൽ താരം തൃപ്‌തനല്ല. ഇതേ സാഹചര്യം തുടർന്നാൽ ദിമിത്രിയോസ് ഈ സീസണോടെ ബ്ലാസ്റ്റേഴ്‌സ് വിടും.

ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സ് വിടുകയാണെങ്കിൽ അത് ടീമിന് നൽകുന്ന തിരിച്ചടി ചെറുതല്ല. ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഒറ്റക്ക് തോളിലേറ്റിയ താരമാണ് ദിമി. മികച്ച പിന്തുണ ലഭിച്ചാൽ തന്റെ പ്രകടനം ഇനിയും ഗംഭീരമാക്കാൻ കഴിയുമെന്ന് താരം തെളിയിച്ചതാണ്. അങ്ങിനെയൊരു താരത്തെ നഷ്‌ടപ്പെട്ടാലും ഐഎസ്എല്ലിലെ മറ്റൊരു ടീമിലേക്ക് ചേക്കേറിയാലും അത് ബ്ലാസ്റ്റേഴ്‌സിന് ക്ഷീണമാണ്.

Dimitrios Not Happy With Kerala Blasters Renewal Offer