പ്രതിഫലം വർദ്ധിപ്പിക്കാത്തതല്ല പ്രശ്‌നം, ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു പിന്നിലെ കാരണം വേറെയാണ് | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കറായ ദിമിത്രിയോസ് കഴിഞ്ഞ ദിവസമാണ് ക്ലബ് വിടുകയാണെന്ന് സ്ഥിരീകരിച്ചത്. രണ്ടു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുന്ന ദിമിത്രിയോസ് ഇക്കഴിഞ്ഞ സീസണിൽ ചരിത്രത്തിൽ ആദ്യമായി ഗോൾഡൻ ബൂട്ട് ടീമിലെത്തിച്ചിരുന്നു. ഇക്കഴിഞ്ഞ സീസണിൽ പതിമൂന്നു ഗോളുകൾ നേടിയാണ് ദിമിത്രിയോസ് ഐഎസ്എല്ലിലെ ടോപ് സ്കോററായത്.

ദിമിത്രിയോസിനെ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് താരം ക്ലബ് വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ദിമിത്രിയോസ് പ്രതിഫലം വർധിപ്പിക്കാൻ ആവശ്യപ്പെട്ടത് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം പരിഗണിക്കാത്തതിനാലാണ് ഈ തീരുമാനമെന്ന് കരുതിയിരുന്നെങ്കിലും അതങ്ങിനെയല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കുമോയെന്ന കാര്യത്തിൽ ദിമിത്രിയോസിനു സംശയങ്ങളുണ്ട്. ഇവാൻ വുകോമനോവിച്ചിനു പകരക്കാരനായി എത്തുന്ന പരിശീലകന്റെ പദ്ധതികളിൽ തനിക്ക് സ്ഥാനമുണ്ടാകുമെന്ന് ഉറപ്പില്ലാത്തതും ദിമിത്രിയോസ് ക്ലബ് വിടാനുള്ള കാരണമായിട്ടുണ്ട്.

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിലേക്ക് എഫ്‌സി ഗോവയുടെ താരമായ നോഹ സദൂയി എത്തുന്നുണ്ട്. അഡ്രിയാൻ ലൂണ, നോഹ സദൂയി, ക്വാമേ പെപ്ര എന്നിവരായിരിക്കും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിലുണ്ടാവുക. ദിമിത്രിയോസ് പോയ ഒഴിവിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു താരത്തെ സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ട്.

Dimitrios Worried About Game Time In Kerala Blasters