അർജന്റീന മുന്നിൽ വന്നാലും ഇതു തന്നെയാണ് സംഭവിക്കുക, വമ്പൻ വിജയത്തിനു ശേഷം ബ്രസീൽ പരിശീലകൻ | Diniz
ബൊളീവിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ വിജയമാണ് ബ്രസീൽ സ്വന്തമാക്കിയത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ നെയ്മർ നിറഞ്ഞാടി രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോൾ യുവതാരമായ റോഡ്രിഗോയും രണ്ടു ഗോളുകൾ നേടുകയുണ്ടായി. റാഫിന്യ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ നേടിയ മിന്നുന്ന വിജയത്തോടെ അടുത്ത ലോകകപ്പിനും അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്കക്കും വേണ്ട തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ ബ്രസീൽ മുന്നോട്ടു കൊണ്ടുപോവുകയാണ്.
ടിറ്റെ സ്ഥാനമൊഴിഞ്ഞതിനു പകരക്കാരനായി ബ്രസീലിന്റെ താൽക്കാലിക പരിശീലകനായി ചുമതല ഏറ്റെടുത്ത ഫെർണാണ്ടോ ഡിനിസിനു കീഴിൽ കളിച്ച ആദ്യത്തെ പ്രധാനപ്പെട്ട മത്സരത്തിൽ തന്നെ നേടിയ മികച്ച വിജയം ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്നതാണ്. ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിനെയും ബ്രസീൽ ദേശീയ ടീമിനെയും ഒരുമിച്ച് പരിശീലിപ്പിക്കുന്ന അദ്ദേഹം ബ്രസീലിയൻ ഗ്വാർഡിയോള എന്ന പേരിലാണ് അറിയപ്പെടുന്നത്. ബൊളീവിയക്കെതിരെ ബ്രസീൽ കളിച്ച ആക്രമണ ഫുട്ബോൾ അതിനു തെളിവുമാണ്.
🎙️FERNANDO DINIZ:
“We won’t change depending on our opposition. Not for Bolivia or Argentina. We focus on ourselves. We will treat all of our opponents the same way.” pic.twitter.com/s5CHwdcXCX
— Neymoleque | Fan 🇧🇷 (@Neymoleque) September 9, 2023
എതിരാളികൾ മാറുന്നതിനനുസരിച്ച് ടീമിന്റെ ആക്രമണശൈലിയിൽ മാറ്റം വരുത്താൻ താൻ ഒരുക്കമല്ലെന്നാണ് കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞത്. “ആരാണ് എതിരാളികൾ എന്നതു കണക്കാക്കി ഞങ്ങൾ ശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. എതിരാളികൾ ബൊളീവിയാണെങ്കിലും അർജന്റീനയാണെങ്കിലും ഇങ്ങിനെ തന്നെയായിരിക്കും കളിക്കുക. ഞങ്ങൾ ഞങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എതിരാളികളെ ഒരുപോലെ തന്നെയാണ് ഞങ്ങൾ ട്രീറ്റ് ചെയ്യുക.” ഡിനിസ് മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത മത്സരത്തിൽ പെറുവാണ് ബ്രസീലിന്റെ എതിരാളികൾ. അവരുടെ മൈതാനത്ത് വെച്ചാണ് മത്സരമെങ്കിലും വിജയം നേടാമെന്ന ഉറച്ച വിശ്വാസം കാനറികൾക്കുണ്ട്. അതേസമയം ടീമിനെ എത്ര മികച്ച ഫോമിൽ നയിച്ചാലും ഡിനിസ് ബ്രസീലിനൊപ്പം എത്രകാലം ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷം കാർലോ ആൻസലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെടുക്കും. അത് കോപ്പ അമേരിക്കക്ക് മുൻപാണോ ശേഷമാണോ എന്നാണു അറിയാനുള്ളത്.
Diniz Says Brazil Treat Opponents Same Way