മെസിയുടെ പിൻഗാമി വാതിലുകൾ തുറന്നു കൊടുക്കുന്നു, സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് കൂടുതൽ പ്രതീക്ഷ | Echeverri

പല രീതിയിലും ശ്രദ്ധിക്കപ്പെട്ട താരമായിരുന്നെങ്കിലും അണ്ടർ 17 ലോകകപ്പിലൂടെ കൂടുതൽ പ്രശസ്‌തി നേടാൻ കഴിഞ്ഞ കളിക്കാരനാണ് ക്ലൗഡിയോ എച്ചെവരി. അണ്ടർ 17 ലോകകപ്പിൽ ബ്രസീലിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തകർപ്പൻ ഹാട്രിക്ക് നേടിയതോടെ ലോകത്തിന്റെ ശ്രദ്ധ പതിനേഴുകാരനിലേക്ക് തിരിഞ്ഞു. ഒരുപാട് കാര്യങ്ങളിൽ ലയണൽ മെസിയെ അനുസ്‌മരിപ്പിച്ചത് താരത്തിന് കൂടുതൽ ശ്രദ്ധ കിട്ടാൻ കാരണമായെന്നതിൽ സംശയമില്ല.

അണ്ടർ 17 ലോകകപ്പിൽ അർജന്റീന സെമി ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോയെങ്കിലും എച്ചെവരിക്കായി നിരവധി ക്ലബുകൾ പിന്നാലെയുണ്ട്. യൂറോപ്പിലെ വമ്പൻ ക്ലബുകളെല്ലാം നോട്ടമിടുന്ന താരം പക്ഷെ ഒരു ബാഴ്‌സലോണ ആരാധകനാണ്. റിവർപ്ലേറ്റ് വിട്ടാൽ തനിക്ക് കളിക്കാൻ താൽപര്യം ബാഴ്‌സയ്ക്ക് വേണ്ടിയാണെന്ന് താരം പറഞ്ഞെങ്കിലും ക്ലബിന്റെ സാമ്പത്തികപ്രതിസന്ധിയിൽ അത് സാധ്യമാകുമോയെന്നു സംശയമുണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം അർജന്റൈൻ താരം നടത്തിയ പ്രതികരണം ബാഴ്‌സലോണയുടെ പ്രതീക്ഷകൾ ഉയർത്തുന്നതാണ്. അടുത്ത വർഷം ഡിസംബർ വരെ മാത്രം റിവർപ്ലേറ്റുമായി കരാറുള്ള താരത്തിന്റെ കോണ്ട്രാക്റ്റ് പുതുക്കാൻ ക്ലബ് ശ്രമം നടത്തുന്നുണ്ട്. എന്നാൽ കരാർ പുതുക്കാൻ തനിക്ക് താൽപര്യമില്ലെന്നും ഒരു വർഷമോ, ആറു മാസമോ കൂടി റിവർപ്ലേറ്റിൽ കളിച്ചതിനു ശേഷം ക്ലബ് വിടാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് താരം പറഞ്ഞത്.

താരത്തിന്റെ ഈ വാക്കുകൾ ബാഴ്‌സലോണക്ക് വലിയൊരു ഊർജ്ജമാണ്. എച്ചെവരിക്ക് റിലീസിംഗ് ക്ലോസ് ഉണ്ടെങ്കിലും ഒരു വർഷം മാത്രം കരാറുള്ള താരത്തെ ഈ ജനുവരിയിലോ അല്ലെങ്കിൽ അടുത്ത സമ്മറിലോ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് അവസരമുണ്ട്. കരാർ പുതുക്കാൻ തനിക്ക് താൽപര്യമില്ലെന്ന് അർജന്റീനിയൻ താരം തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്ക് ട്രാൻസ്‌ഫർ തുക കുറക്കാനും ബാഴ്‌സലോണക്ക് കഴിയും.

അതേസമയം ലോകഫുട്ബോളിലെ അടുത്ത താരോദയമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എച്ചെവരിക്കായി നിരവധി ക്ലബുകൾ രംഗത്തുള്ളത് ബാഴ്‌സലോണക്ക് ഭീഷണിയാണ്. കരാർ പുതുക്കുന്നില്ലെന്ന തീരുമാനത്തിൽ എച്ചെവരി ഉറച്ചു നിൽക്കുകയാണെങ്കിൽ ജനുവരിയിൽ തന്നെ ഓഫർ മഴയുണ്ടാകാൻ സാധ്യതയുണ്ട്. അതിൽ താരത്തിന്റെ മനസു മാറിയേക്കാമെന്നത് ബാഴ്‌സലോണക്ക് ഭീഷണിയായി നിൽക്കുന്നു.

Echeverri Says He Is Not Renewing With River Plate