അർജന്റീനയുടെ ആധിപത്യത്തിന്റെ നാളുകൾ എണ്ണപ്പെട്ടു, ഇനി ലോകഫുട്ബോളിൽ ബ്രസീലിയൻ യുഗം

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തായതിനു പിന്നാലെ ബ്രസീൽ ടീമിന്റെ മാനേജർ സ്ഥാനമൊഴിഞ്ഞ ടിറ്റെക്ക് പകരക്കാരനായി ഇതുവരെയും പുതിയൊരു പരിശീലകൻ എത്തിയിട്ടില്ല. നിരവധി പേരുകൾ ഉയർന്നു കേട്ടെങ്കിലും ഒരാൾക്കും സ്ഥിരം പരിശീലകനായുള്ള കരാർ ബ്രസീൽ ഇതുവരെ നൽകിയിട്ടില്ല. ബ്രസീൽ യൂത്ത് ടീമിന് സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് സമ്മാനിച്ച റാമോൺ മെനസസ് ആണ് നിലവിൽ താൽക്കാലികമായി ടീമിനെ പരിശീലിപ്പിക്കുന്നത്.

പതിവിൽ നിന്നും വ്യത്യസ്‌തമായി ബ്രസീൽ പരിശീലകർക്ക് പകരം യൂറോപ്പിൽ നിന്നുള്ള മികച്ച മാനേജർമാരെ ടീമിലെത്തിക്കാനാണ് ബ്രസീൽ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ടു നിർണായകമായ വെളിപ്പെടുത്തൽ മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ താരമായ എഡേഴ്‌സൺ വെളിപ്പെടുത്തിയിരുന്നു. നിലവിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി ബ്രസീൽ കോച്ചായി എത്താനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

“ഞാൻ കസമീറോ, വിനീഷ്യസ്, മിലീറ്റാവോ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. അസാധാരണ പരിശീലകനായ അദ്ദേഹത്തെ എല്ലാവർക്കും ഇഷ്‌ടമാണെന്നും വിജയങ്ങൾ നേടിയിട്ടുണ്ടെന്നും ഞാൻ പറഞ്ഞു. അദ്ദേഹം വരുമോ ഇല്ലയോ എന്ന് അടുത്തു തന്നെ നമുക്കറിയാം. ആൻസലോട്ടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്, അദ്ദേഹം എത്രയും പെട്ടന്ന് വരുന്നതിനായി തന്നെയാണ് ഞങ്ങളും കാത്തിരിക്കുന്നത്.” മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ പറഞ്ഞു.

ആൻസലോട്ടി ബ്രസീലിലേക്ക് വരുന്നതിനായി റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിന് ചെൽസിയും മാഞ്ചസ്റ്റർ സിറ്റിക്ക് ബയേൺ മ്യൂണിക്കുമാണ് എതിരാളികളെങ്കിലും സെമി ഫൈനലിൽ രണ്ടു ടീമുകളും ഏറ്റുമുട്ടാൻ സാധ്യതയുണ്ട്.

പരിശീലകനെന്ന നിലയിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള വ്യക്തിയാണ് കാർലോ ആൻസലോട്ടി. നിരവധി പ്രമുഖ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അദ്ദേഹം ഒരു ദേശീയ ടീമിന്റെ പ്രധാന പരിശീലകനായി ഇരുന്നിട്ടില്ല. അടുത്ത വർഷം കോപ്പ അമേരിക്ക നടക്കാനിരിക്കെ അർജന്റീനയുടെ കയ്യിൽ നിന്നും കിരീടം തിരികെ നേടുക എന്നതിനൊപ്പം അടുത്ത ലോകകപ്പ് കിരീടവും ആൻസലോട്ടി എത്തിയാൽ ബ്രസീലിനു സ്വപ്‌നം കാണാൻ കഴിയും.