മെസി അങ്ങിനെ തീരുമാനിച്ചാൽ തടയാതെ മറ്റു വഴികളില്ല, അർജന്റീന പരിശീലകൻ പറയുന്നു

അർജന്റീന ടീമിനൊപ്പമുള്ള ഓരോ നിമിഷങ്ങളും ലയണൽ മെസി ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. ക്ലബ് തലത്തിൽ താരത്തിന് അത്ര സുഖകരമല്ലാത്ത അന്തരീക്ഷമാണ് പിഎസ്‌ജിയിലുള്ളത്. അതേസമയം ദേശീയ ടീമിലെത്തുമ്പോൾ മെസി എല്ലാം മറക്കുന്നു. തനിക്ക് കളിക്കളത്തിലും പുറത്തും സജീവമായ പിന്തുണ നൽകുന്ന താരങ്ങൾക്കൊപ്പം ആഹ്ലാദത്തോടെ തുടരുന്ന ലയണൽ മെസി മികച്ച പ്രകടനവും ടീമിനൊപ്പം നടത്തുന്നുണ്ട്.

മുപ്പത്തിയാറാം വയസിലേക്ക് കടന്നു കൊണ്ടിരിക്കുന്ന ലയണൽ മെസി എത്ര കാലം ഇനി ദേശീയ ടീമിൽ ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഖത്തർ ലോകകപ്പിന് ശേഷം താരം വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അത് സംഭവിച്ചില്ല. ലോകകപ്പ് ജേതാവായി അർജന്റീന ടീമിനൊപ്പം കളിക്കാൻ വേണ്ടിയാണ് മെസി തുടരുന്നത്. അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റ് വരെ താരം അർജന്റീന ടീമിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസം മെസിയുടെ ഭാവിയെക്കുറിച്ച് സംസാരിച്ച പരിശീലകൻ സ്‌കലോണി ദേശീയ ടീമിൽ നിന്നും വിരമിക്കാനുള്ള തീരുമാനം താരമെടുത്താൽ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കി. “താരം പറയുന്ന കാലത്തോളം മെസി ഇവിടെത്തന്നെ ഉണ്ടാകും. കളി നിർത്തുന്നതിനെക്കുറിച്ച് മെസി ചിന്തിച്ചാൽ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ഞാൻ ശ്രമിക്കും. ദേശീയ ടീമിനൊപ്പവും കളിക്കളത്തിലും താരം വളരെയധികം സന്തോഷവാനാണ്.” സ്‌കലോണി പറഞ്ഞു.

ലയണൽ മെസി അടുത്ത ലോകകപ്പ് വരെ തുടരണം എന്നാണു അർജന്റീന താരങ്ങളുടെയും ആരാധകരുടെയുമെല്ലാം ആഗ്രഹം. എന്നാൽ അടുത്ത ലോകകപ്പ് ആവുമ്പോഴേക്കും മുപ്പത്തിയൊമ്പതു വയസ്സാകുന്ന ലയണൽ മെസിക്ക് അത് വരെ തന്റെ ഫോം നിലനിർത്താൻ കഴിയുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. എന്തായാലും അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്കക്ക് ശേഷം താരം ദേശീയ ടീമിലെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കുന്നുണ്ടാകും.