ബ്ലാസ്റ്റേഴ്‌സിനേയും ഐഎസ്എല്ലിനെയും ഇവാന് ഉപേക്ഷിക്കേണ്ടി വന്നേക്കാം, കൊമ്പന്മാർക്ക് പരിശീലകനെ നഷ്‌ടമാകാൻ സാധ്യത

ബെംഗളൂരു എഫ്‌സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച് ബ്ലാസ്റ്റേഴ്‌സ് കളിക്കളം വിട്ട സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ നടപടി സ്വീകരിക്കാൻ എഐഎഫ്എഫ് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. വളരെ ഗുരുതരമായ തെറ്റാണ് ചെയ്‌തത്‌ എന്നതിനാൽ തന്നെ നടപടികളൊന്നും സ്വീകരിക്കാതെ മുന്നോട്ടു പോകാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് കഴിയില്ല.

ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്ട്സ് എഡിറ്ററായ മാർക്കസ് മെർഗുലാവോ പറഞ്ഞത് ഇവാനെ വിലക്കാനുള്ള തീരുമാനം എഐഎഫ്എഫ് എടുക്കാനുള്ള സാധ്യതയുണ്ട് എന്നാണ്. എന്നാൽ എത്ര കാലത്തേക്കായിരിക്കും വിലക്കെന്ന കാര്യത്തിൽ വ്യക്തത ഒന്നുമില്ല. ഒരു സീസൺ മുഴുവനോ അതിൽ കൂടുതലോ പരിശീലകസ്ഥാനത്തു നിന്നും വിലക്കിയാൽ സെർബിയൻ പരിശീലകൻ ഇന്ത്യൻ സൂപ്പർലീഗിൽ നിന്നും പോകാനാണ് സാധ്യത കൂടുതൽ.

നിലവിൽ ഇവാന് ഇന്റർനാഷണൽ വിലക്ക് നൽകാൻ എഐഎഫ്എഫിനു കഴിയില്ല. ഇന്ത്യയിലെ ക്ലബുകളിൽ അദ്ദേഹം പരിശീലിപ്പിക്കരുതെന്ന രീതിയിൽ മാത്രമേ വിലക്കാൻ കഴിയൂ. അപ്പോൾ മറ്റു രാജ്യങ്ങളിലെ ക്ലബുകളിൽ അദ്ദേഹത്തിന് പരിശീലിപ്പിക്കാൻ കഴിയും. സ്വാഭാവികമായും എഐഎഫ്എഫ് ദീർഘകാലം താരത്തെ വിലക്കുന്ന സാഹചര്യം വന്നാൽ കേരള ബ്ലാസ്റ്റേഴ്‌സും ഇന്ത്യൻ സൂപ്പർ ലീഗും വിട്ട് ഇവാൻ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നുറപ്പാണ്.

അതേസമയം ഇവാന്റെ വിലക്ക് സൂപ്പർകപ്പ് ടൂർണമെന്റിൽ മാത്രമായി ഒതുങ്ങുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. എത്ര ചുരുങ്ങിയ കാലത്തേക്കാണെങ്കിലും പരിശീലകനെ വിലക്കുകയെന്ന കാര്യത്തിന് ആരാധകർ ഒരു തരത്തിലും പിന്തുണ നൽകുന്നില്ല. ഇവാൻ ക്ലബിനും ലീഗിനും വേണ്ടിയാണ് ഇത് ചെയ്‌തതെന്നും അദ്ദേഹത്തെ ബലിയാടാക്കി ക്ലബ്ബിനെ രക്ഷപ്പെടാൻ സമ്മതിക്കില്ലെന്നും ആരാധകർ ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നു.