എംബാപ്പെക്കെതിരെ ഫ്രാൻസ് ടീമിൽ പടയൊരുക്കം, പ്രതിഷേധസൂചകമായി വിരമിക്കാൻ സൂപ്പർതാരം

ഫ്രഞ്ച് ഫുട്ബോളിലെ ഏറ്റവും മികച്ച താരമാണ് കിലിയൻ എംബാപ്പെ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ രണ്ടു ലോകകപ്പിൽ നടത്തിയ അസാമാന്യമായ പ്രകടനത്തിലൂടെ താരം അത് തെളിയിച്ചതാണ്. ഭാവിയിൽ ലോകഫുട്ബോളിന്റെ അമരത്ത് നിൽക്കാൻ പോകുന്ന താരത്തെ മറ്റൊരു ലീഗിലേക്കും പോകാൻ സമ്മതിക്കാതെ ഫ്രാൻസിൽ തന്നെ നിലനിർത്തിയതും അതുകൊണ്ടാണ്.

അതേസമയം എംബാപ്പെക്കെതിരെ ഫ്രാൻസ് ടീമിൽ പടയൊരുക്കത്തിനുള്ള സൂചനകൾ തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. വരുന്ന ദിവസങ്ങളിൽ യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്കായി ഫ്രാൻസ് ടീം ഇറങ്ങുന്നുണ്ട്. ഈ മത്സരങ്ങളിൽ ടീമിന്റെ നായകനായി എംബാപ്പെയെ നിയമിക്കുകയും ചെയ്‌തു. എന്നാൽ ഈ തീരുമാനത്തിൽ ടീമിലെ മറ്റൊരു സൂപ്പർതാരമായ അന്റോയിൻ ഗ്രീസ്‌മൻ അസ്വസ്ഥനാണ്.

ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം 117 മത്സരങ്ങൾ ഫ്രാൻസ് ടീമിനായി കളിച്ച് 42 ഗോളുകൾ നേടിയിട്ടുള്ള മുപ്പത്തിരണ്ടുകാരനായ ഗ്രീസ്‌മൻ ക്യാപ്റ്റൻ സ്ഥാനാതിരിക്കാൻ താൻ യോഗ്യനാണെന്ന് കരുതുന്നുണ്ട്. കഴിഞ്ഞ രണ്ടു ലോകകപ്പിലും ഫ്രാൻസ് ടീം കളിച്ചത് ഗ്രീസ്‌മനെ കേന്ദ്രീകരിച്ചായിരുന്നു. ക്ലബ് തലത്തിൽ തിളങ്ങാത്ത സമയത്തു പോലും ദേശീയ ടീമിനായി മിന്നുന്ന പ്രകടനം നടത്തുമ്പോഴാണ് ഗ്രീസ്‌മൻ നായകസ്ഥാനത്തു നിന്നും തഴയപ്പെടുന്നത്.

തന്റെ പ്രതിഷേധം ഗ്രീസ്‌മൻ പരിശീലകനായ ദിദിയർ ദെഷാംപ്‌സിനോട് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുപോലെ മുന്നോട്ടു പോയാൽ ഫ്രാൻസ് ടീമിൽ നിന്നും വിരമിക്കുന്നതിനെ കുറിച്ചും താരം ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ലോകകപ്പിന് ശേഷം ലോറിസ്, വരാനെ, മൻഡൻഡ എന്നീ താരങ്ങൾ വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗ്രീസ്‌മാന്റെ ഈ പ്രതിഷേധം ടീമിൽ വിള്ളലുകൾ വരാൻ കാരണമായേക്കും.