“പിൻവാതിലിലൂടെ ഒളിച്ചു പോകേണ്ട, എനിക്കെന്റെ ആരാധകരെ കാണണം”- ലയണൽ മെസി പറഞ്ഞത് വെളിപ്പെടുത്തി അർജന്റീനിയൻ നടൻ

ഖത്തർ ലോകകപ്പിൽ കിരീടമുയർത്തിയതിനു ശേഷമുള്ള ആദ്യത്തെ മത്സരങ്ങൾ കളിക്കുന്നതിനായി അർജന്റീനയിൽ എത്തിയിരിക്കുകയാണ് ലയണൽ മെസിയും സംഘവും. ലോകകപ്പിൽ അതിഗംഭീരമായ പ്രകടനം നടത്തി അർജന്റീനക്ക് മൂന്നു പതിറ്റാണ്ടിനു ശേഷം ലോകകിരീടം നേടിക്കൊടുത്ത മെസി ഒരു ജനതയുടെ മുഴുവൻ ഹീറോയാണിപ്പോൾ. അതുകൊണ്ടു തന്നെ താരം പോകുന്നിടത്തെല്ലാം ഒരു നോക്കു കാണാൻ വേണ്ടിയെത്തുന്ന ആരാധകരുടെ ബഹളമാണ്.

കഴിഞ്ഞ ദിവസം ലയണൽ മെസിയും കുടുംബവും ബ്യുണസ് അയേഴ്‌സിലുള്ള ഒരു റസ്റ്ററന്റിൽ രാത്രി ഭക്ഷണം കഴിക്കാനെത്തിയിരുന്നു. അർജന്റീന ടീമിന്റെ കൂടെയുള്ള പരിശീലനം പൂർത്തിയാക്കിയതിനു ശേഷമാണ് ലയണൽ മെസി അവിടേക്കെത്തിയത്. മെസി അവിടേക്ക് അത്താഴം കഴിക്കാൻ കുടുംബവുമായി എത്തുന്നുണ്ടെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ആയിരക്കണക്കിന് ആരാധകരാണ് റസ്റ്ററന്റിനു പുറത്ത് തടിച്ചു കൂടിയത്.

ഇത്രയും ആരാധകർ വന്നതിനാൽ തന്നെ ലയണൽ മെസിയെ പിൻവാതിലിലൂടെ സുരക്ഷിതമായി പറഞ്ഞയക്കാൻ റസ്റ്ററന്റ് അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ ലയണൽ മെസി അതിനു തയ്യാറായില്ലെന്നാണ് അപ്പോൾ അവിടെയുണ്ടായിരുന്ന നടനായ അഡ്രിയാൻ സുവാർ പറയുന്നത്. താൻ അങ്ങിനെ ഒഴിഞ്ഞുമാറി പോകാനില്ലെന്നും അവിടെ കൂടിയിരിക്കുന്ന എല്ലാവരോടും ഹെലോ പറയാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു മെസിയുടെ മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാധകർ ഒരുപാടു പേർ ഉണ്ടായിരുന്നതിനാൽ തന്നെ ലയണൽ മെസി പോലീസ് എത്തിയതിനു ശേഷമാണ് റസ്റ്ററന്റിൽ നിന്നും പുറത്തിറങ്ങിയത്. കൂടി നിന്നിരുന്ന ഫാൻസ്‌ താരത്തെ പൊതിയുകയും ചെയ്‌തു. അർജന്റീനയിലെ ഫുട്ബോൾ ആരാധകർ ഈ ദിവസങ്ങളിൽ ആഘോഷത്തിലാണെന്ന് ഇത് വ്യക്തമാക്കുന്നു. അടുത്ത ദിവസം രാജ്യത്ത് സൗഹൃദമത്സരങ്ങൾ നടക്കാനിരിക്കെ ഇതിന്റെ കൂടുതൽ തീവ്രത വ്യക്തമാകും.