ആളിക്കത്തുന്ന പ്രതിഷേധാഗ്നി കൂടുതൽ പടരുന്നു, ബ്ലാസ്‌റ്റേഴ്‌സിനെ വരെ തള്ളിക്കളഞ്ഞ് ആരാധകർ ഇവാനോപ്പം

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് കളിക്കളം വിട്ടതിനു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക്ലബിനെതിരെ നടപടി എടുത്താൽ അത് വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നതു കൊണ്ടാണ് പരിശീലകനെതിരെ നടപടി സ്വീകരിക്കുന്നത്.

മാർക്കസ് മെർഗുലാവോയുടെ റിപ്പോർട്ടുകൾ പ്രകാരം ഇവാനെതിരെ വിലക്ക് വരാനുള്ള സാധ്യതയാണുള്ളത്. ഈ റിപ്പോർട്ടുകൾ വന്നതും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം പടർന്നു പിടിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ആരാധകകൂട്ടമായ മഞ്ഞപ്പട #ISupportIvan എന്ന ഹാഷ്‌ടാഗ്‌ ക്യാമ്പയിൻ ആരംഭിച്ചു. സോഷ്യൽ മീഡിയ വഴി ആരംഭിച്ച ഈ ക്യാമ്പയിന് അഭൂതപൂർണമായ പിന്തുണയാണ് നാനാഭാഗത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം ബ്ലാസ്‌റ്റേഴ്‌സിനെ വരെ തള്ളിപ്പറയുന്ന അവസ്ഥയിലേക്ക് എത്തിയെന്നതാണു രസകരമായ കാര്യം. ക്ലബ്ബിനെ സംരക്ഷിക്കാൻ വേണ്ടി ഇവാൻ വുകോമനോവിച്ചിനെ ബലിയാടാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഉദ്ദേശിക്കുന്നതെങ്കിൽ അതിനു തങ്ങൾ കൂടെയുണ്ടാകില്ലെന്ന് പലരും പറയുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സീനും ഇന്ത്യൻ സൂപ്പർ ലീഗിനും വേണ്ടിയാണ് ഇവാൻ ഇത് ചെയ്‌തതെന്നും അതിന്റെ ഗുണം ഭാവിയിൽ ഉണ്ടാകുമെന്നും ആരാധകർ പറയുന്നു.

നിരവധി പേരാണ് പ്ലക്കാർഡുകൾ പിടിച്ചുള്ള ഫോട്ടോസ് അപ്‌ലോഡ് ചെയ്‌തും ട്വീറ്റുകൾ ചെയ്‌തും തങ്ങളുടെ പിന്തുണ അറിയിച്ചു കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത് വർധിക്കുമെന്നുറപ്പാണ്. ഇവാനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടായാൽ ഈ പ്രതിഷേധം കൂടുതൽ രൂക്ഷമായ തോതിലേക്ക് മാറുമെന്നതിലും സംശയമില്ല. എന്ത് വില കൊടുത്തും ക്ലബിന് വേണ്ടി നിലകൊണ്ട പരിശീലകനെ സംരക്ഷിക്കുമെന്ന ഉറച്ച നിലപാടിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ.