പനാമക്കെതിരെ കാത്തിരിക്കുന്നത് രണ്ടു വമ്പൻ നേട്ടങ്ങൾ, റൊണാൾഡോയുടെ അരികിലേക്ക് കുതിക്കാൻ ലയണൽ മെസി

ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായി കളത്തിലിറങ്ങാൻ പോവുകയാണ് അടുത്ത ദിവസങ്ങളിൽ. അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങളിൽ പനാമ, കുറകാവോ എന്നീ ടീമുകളെയാണ് അർജന്റീന നേരിടുന്നത്. ലോകകപ്പ് നേടിയതിന്റെ വിജയം അർജന്റീനയിലെ ആരാധകരുമായി ആഘോഷിക്കുക എന്നതു കൂടിയാണ് ഈ മത്സരങ്ങളുടെ ഉദ്ദേശമെന്നതു കൊണ്ട് കൂടിയാണ് അർജന്റീന ചെറിയ എതിരാളികളെ തിരഞ്ഞെടുത്തതെന്ന് വ്യക്തമാണ്.

ഇതിൽ പനാമക്കെതിരായ ആദ്യത്തെ മത്സരത്തിൽ തന്നെ ലയണൽ മെസിക്ക് രണ്ടു വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്. കരിയറിൽ എണ്ണൂറു ഗോളുകൾ നേടുന്ന താരമെന്ന നേട്ടം പനാമക്കെതിരെ ഒരു ഗോൾ നേടിയാൽ മെസിക്ക് സ്വന്തമാക്കാം. 828 ഗോളുകൾ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടത്തിൽ മെസിക്ക് മുന്നിലുള്ളത്. എന്നാൽ റൊണാൾഡോയെക്കാൾ കുറഞ്ഞ മത്സരങ്ങളിൽ നിന്നാണ് മെസി ഈ നേട്ടം സ്വന്തമാക്കാൻ പോകുന്നത്.

ഇതിനു പുറമെ ദേശീയ ടീമിനായി നൂറു ഗോളുകൾ തികക്കാനുള്ള അവസരവും ലയണൽ മെസിക്കുണ്ട്. നിലവിൽ 98 ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. രണ്ടെണ്ണം കൂടി നേടിയാൽ മെസിക്ക് അർജന്റീന ജേഴ്‌സിയിൽ നൂറു ഗോളുകൾ തികക്കാം. നിലവിൽ കളിക്കുന്ന താരങ്ങളിൽ റൊണാൾഡോ മാത്രമാണ് ഈ നേട്ടത്തിൽ മെസിക്ക് മുന്നിലുള്ളത്. 118 ഗോളുകൾ നേടിയ പോർച്ചുഗൽ താരം ഇക്കാര്യത്തിൽ മെസിയെക്കാൾ വളരെ മുന്നിലാണ്, അത് വർധിപ്പിക്കാനും റൊണാൾഡോക്ക് അവസരമുണ്ട്.

അർജന്റീന ടീമിനായി മികച്ച ഫോമിലാണ് കളിക്കുന്നതെന്നതിനാൽ ആദ്യത്തെ സൗഹൃദ മത്സരത്തിൽ തന്നെ മെസി ഈ റെക്കോർഡുകൾ മറികടക്കാൻ സാധ്യതയുണ്ട്. പനാമക്കെതിരെ ഇതിനു മുൻപ് അർജന്റീന കളിച്ചപ്പോൾ മെസി ഹാട്രിക്ക് നേടിയെന്നതും ഇതിനൊപ്പം എടുത്തു പറയേണ്ടതാണ്. എന്തായാലും അർജന്റീന ടീമിന്റെയും മെസിയുടെയും പ്രകടനം ലോകകപ്പിന് ശേഷം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.