ഇംഫാലിലെ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ താപ ഹീറോയായി, പ്രധാന താരങ്ങളില്ലാതിരുന്നിട്ടും വിജയം കുറിച്ച് ഇന്ത്യ

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ മ്യാൻമാറിനെതിരെ വിജയം കുറിച്ച് ഇന്ത്യ. മണിപ്പൂരിലെ ഇമ്ഫാലിൽ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. പ്രധാന താരങ്ങൾ കളിക്കാതിരുന്ന മത്സരത്തിൽ അനിരുഥ് താപയാണ് ആദ്യപകുതിയിൽ ഇന്ത്യക്കായി ഗോൾ നേടിയത്.

മത്സരത്തിൽ നിരവധി അവസരങ്ങൾ ഇന്ത്യ സൃഷ്ടിച്ചെടുത്ത പ്രധാന താരങ്ങളുടെ അഭാവത്തിൽ ഇന്ത്യക്ക് ആത്മവിശ്വാസത്തിനു വക നൽകുന്നതാണ്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യ പിടിമുറുക്കിയപ്പോൾ ഛേത്രിക്ക് ഒന്നുരണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല.

മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപാണ് ഇന്ത്യയുടെ ഗോൾ പിറന്നത്. വിങ്ങിൽ നിന്നും വന്ന പന്ത് താപക്ക് ലഭിച്ചപ്പോൾ താരം വല കുലുക്കി. മ്യാൻമർ ഗോൾകീപ്പര്ക്ക് യാതൊരു അവസരവും നൽകാതെയാണ് താപ ഗോൾ നേടിയത്. അതിനു ശേഷം ആ ഗോളിൽ ഇന്ത്യ കടിച്ചു തൂങ്ങുകയായിരുന്നു.

രണ്ടാം പകുതിയിൽ മ്യാൻമർ തിരിച്ചടിക്കാൻ ശ്രമം നടത്തിയെങ്കിലും ഒന്നും നടന്നില്ല. അതേസമയം രണ്ടാം പകുതിയിലും ഇന്ത്യക്ക് മുൻതൂക്കമുണ്ടായിരുന്നു. ഛേത്രി ഒരു ഗോൾ നേടിയെങ്കിലും റഫറിയത് ഓഫ്‌സൈഡ് വിധിച്ചു. പിന്നീട് ലഭിച്ച അവസരങ്ങളും താരത്തിന് മുതലാക്കാൻ കഴിഞ്ഞില്ല.

ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ കളിച്ച ഇന്ത്യൻ താരങ്ങളിൽ ഛേത്രി മാത്രമേ ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയിരുന്നുള്ളൂ. പുതിയ താരങ്ങൾക്ക് അവസരം നൽകി ടീമിനെ വിപുലപ്പെടുത്തുന്നതിനു പരിശീലകൻ സ്റ്റിമാക്കിനെ സഹായിക്കും. നേപ്പാളിനെതിരെ വിജയം നേടിയ ഇന്ത്യയുടെ അടുത്ത മത്സരം നേപ്പാളിനെതിരെയാണ്. മാർച്ച് ഇരുപത്തിയെട്ടിനാണ് മത്സരം.

ഇംഫാലിലെ സ്റ്റേഡിയത്തിൽ ആദ്യമായാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഒരു മത്സരം നടക്കുന്നത്. മികച്ച ആരാധകപിന്തുണയാണ് ഇന്ത്യക്ക് ലഭിച്ചത്. മുപ്പതിനായിരത്തിലധികം സിറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയം ഹൗസ്‌ഫുള്ളായിരുന്നു.