എല്ലാ ശൈലിയുമായും ഇണങ്ങിച്ചേരാൻ കഴിയും, കിരീടമാണ് ഈ സീസണിലെ ലക്ഷ്യമെന്ന് ക്വാമേ പെപ്ര
കഴിഞ്ഞ സീസണിന്റെ പകുതിയോളം പരിക്കേറ്റു നഷ്ടമായ താരമാണ് ക്വാമേ പെപ്ര. സീസണിന്റെ തുടക്കത്തിൽ ഗോളുകൾ നേടാനും മികച്ച ഫോമിലെത്താനും കഴിയാതിരുന്ന താരം ഫോമിലെത്തിയപ്പോഴേക്കും പരിക്കു പറ്റി പുറത്തായി. കഴിഞ്ഞ സീസണിന്റെ അവസാനഘട്ടത്തിലാണ് പെപ്ര ഫിറ്റ്നസ് വീണ്ടെടുക്കുന്ന പാതയിൽ എത്തിയതെങ്കിലും ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞിരുന്നില്ല.
ഈ സീസണിൽ ടീമിനൊപ്പം പെപ്രയുണ്ട് . പരിക്ക് ഭേദമായി ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന് കഴിഞ്ഞിരിക്കുന്നു. എന്നാൽ പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെയുടെ പദ്ധതികൾക്ക് പെപ്ര അനുയോജ്യനാണോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ ഇതിനുള്ള മറുപടി താരം തന്നെ നൽകുകയുണ്ടായി.
Kwame Peprah 🗣️“For me as a professional player; I'm ready to adapt to every system.” #KBFC pic.twitter.com/tLC8Mnd1d6
— KBFC XTRA (@kbfcxtra) August 5, 2024
“ഞാനൊരു പ്രൊഫെഷണൽ താരമാണ്. അതുകൊണ്ടു തന്നെ ഏതു ശൈലിയുമായും ഇണങ്ങിച്ചേരാൻ എനിക്ക് കഴിയും” പെപ്ര പറഞ്ഞു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്രധാന ലക്ഷ്യം പങ്കെടുക്കുന്ന ടൂർണമെന്റുകളിലെല്ലാം കിരീടം നേടുകയാണെന്നും താരം കൂട്ടിച്ചേർത്തു.
ഈ സീസണിന് മുന്നോടിയായി നടന്ന മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് ക്വാമേ പെപ്ര. ആറു മത്സരങ്ങളിൽ കളിച്ച താരം ആറു ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. ഡ്യൂറൻഡ് കപ്പിലെ രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയ താരം മൂന്നു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
പ്രകടനം നല്ലതാണെങ്കിലും പെപ്രയെ നിലനിർത്തുന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ മാറിയിട്ടില്ല. മുന്നേറ്റനിരയിൽ ഒത്തിണക്കം കാണിക്കുന്ന കാര്യത്തിലും വൺ ടൂ മുന്നേറ്റങ്ങൾ നടത്തുന്ന കാര്യത്തിലും താരം അത്ര മികവ് പുലർത്തുന്നില്ല. അതുകൊണ്ടു തന്നെ ഡ്യൂറൻഡ് കപ്പിനു ശേഷമേ താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് തീരുമാനങ്ങൾ എടുക്കുന്നുണ്ടാകൂ.