യഥാർത്ഥ ഹീറോ, അർജന്റീനയുടെ ജീവൻ രക്ഷിച്ച സേവുകളുമായി എമിലിയാനോ മാർട്ടിനസ്

കോപ്പ അമേരിക്കയിലെ രണ്ടാമത്തെ മത്സരത്തിൽ പ്രതിരോധപ്പൂട്ടൊരുക്കിയ ചിലിക്കെതിരെ അവസാന മിനിറ്റുകളിൽ നേടിയ ഗോളിൽ അർജന്റീന വിജയം നേടി. ഇതോടെ കളിച്ച രണ്ടു മത്സരങ്ങളിലും വിജയം നേടി ഗ്രൂപ്പിൽ നിന്നും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ അർജന്റീനക്കായി. ഇനി പെറുവിനെതിരെയുള്ള ഒരു മത്സരം കൂടി അർജന്റീനക്ക് ഗ്രൂപ്പിൽ ബാക്കിയുണ്ട്.

മത്സരത്തിൽ ആധിപത്യം പുലർത്തിയ അർജന്റീനക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ കഴിഞ്ഞിരുന്നില്ല. ലയണൽ മെസിയുടെയും നിക്കോ ഗോൺസാലസിന്റെയും ഷോട്ടുകൾ പോസ്റ്റിലാടിച്ചു പോവുകയും ചെയ്‌തു. ചിലി അർജന്റീനയെ കുരുക്കിയിടുമെന്ന പ്രതീക്ഷിച്ചപ്പോഴാണ് എൺപത്തിയേഴാം മിനുട്ടിൽ പകരക്കാരൻ ലൗടാരോ മാർട്ടിനസ് ഗോൾ നേടുന്നത്.

മത്സരത്തിൽ ഗോൾ നേടിയ ലൗടാരോ മാർട്ടിനസിനൊപ്പം തന്നെ കയ്യടി അർഹിക്കുന്ന പ്രകടനം നടത്തിയത് ആരാധകരുടെ ഹീറോയായി എമിലിയാനോ മാർട്ടിനസാണ്‌. ഗോൾവലക്കു മുന്നിൽ താരത്തിന്റെ മിന്നുന്ന പ്രകടനം ഇല്ലായിരുന്നില്ലെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറി മറിഞ്ഞേനെ. ഗോളെന്നുറപ്പിച്ച രണ്ടു ഷോട്ടുകളാണ് താരം രക്ഷപ്പെടുത്തിയത്.

ബോക്‌സിന് പുറത്തു നിന്നുള്ള രണ്ടു ഷോട്ടുകളാണ് എമിലിയാനോ തടുത്തിട്ടത്. ചിലി അധികം ആക്രമണങ്ങൾ നടത്തിയില്ലെങ്കിലും ഈ രണ്ടു ഷോട്ടുകളും ഗോളാകുമെന്ന് ഉറപ്പിക്കുന്ന രീതിയിലായിരുന്നു. എന്നാൽ എമിലിയാനോ അവിടെ ടീമിന്റെ രക്ഷക്കെത്തി. മത്സരം അർജന്റീനയുടെ കയ്യിൽ നിന്നും വഴുതിപ്പോകാതെ കാത്തത് താരത്തിന്റെ പ്രകടനം തന്നെയാണ്.

കോപ്പ അമേരിക്കയിൽ കളിച്ച രണ്ടു മത്സരങ്ങളിലും ക്ലീൻഷീറ്റ് നേടിയതോടെ അർജന്റീനക്ക് വേണ്ടി 41 മത്സരങ്ങളിൽ നിന്നും 30 ക്ലീൻഷീറ്റ് എമിലിയാനോ സ്വന്തമാക്കിയിട്ടുണ്ട്. എമിലിയാനോ കളിച്ച രണ്ടു മത്സരങ്ങളിൽ മാത്രമേ അർജന്റീന തോൽവി വഴങ്ങിയിട്ടുള്ളൂ. അതിനേക്കാൾ കൂടുതൽ കിരീടങ്ങൾ നേടിയ താരം മൂന്നു ട്രോഫികൾ അർജന്റീനക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.