പിച്ച് ഒരു ദുരന്തമായിരുന്നു, കോപ്പ അമേരിക്ക മൈതാനത്തെ വിമർശിച്ച് എമിലിയാനോ മാർട്ടിനസ്

കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരത്തിൽ കാനഡക്കെതിരെ വിജയം നേടിയതിനു പിന്നാലെ മത്സരം നടന്ന മൈതാനത്തെ വിമർശിച്ച് അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. എംഎൽഎസ് ക്ലബായ അറ്റ്‌ലാന്റാ യുണൈറ്റഡിന്റെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിലെ പിച്ചിനെയാണ് മത്സരത്തിനു ശേഷം അർജന്റൈൻ ഗോൾകീപ്പർ വിമർശിച്ചത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ അർജന്റീന ഒന്ന് പതറിയിരുന്നു.അർജന്റീനക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് കാനഡ നടത്തിയത്. മികച്ചൊരു അവസരം അവർക്ക് ലഭിച്ചെങ്കിലും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ മികവിൽ അർജന്റീന രക്ഷപ്പെടുകയായിരുന്നു. മത്സരത്തിന് ശേഷമാണ് എമിലിയാനോ മാർട്ടിനസ് മൈതാനത്തെ വിമർശിച്ചത്.

“മൈതാനം ഒരു ദുരന്തമായിരുന്നു. അവർ സിന്തറ്റിക് ടർഫിനു മുകളിൽ പുല്ലു വിരിച്ചിരിക്കുകയാണ്. പന്ത് സ്വീകരിക്കുന്ന സമയത്തെല്ലാം ഒരു ട്രംപൊളിനിൽ നിൽക്കുന്നത് പോലെയാണ് എനിക്കു തോന്നിയത്. എന്തൊക്കെ തടസങ്ങൾ ഞങ്ങൾക്ക് മുന്നിലേക്ക് വന്നാലും ഈ ടീം മുന്നോട്ടു തന്നെ പോകുമെന്നു മനസിലാക്കുന്ന നിമിഷങ്ങളാണത്.” എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

അറ്റ്‌ലാന്റ യുണൈറ്റഡിന്റെ സ്റ്റേഡിയത്തിലെ ആർട്ടിഫിഷ്യൽ ടർഫ് നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയതാണ്. ആർട്ടിഫിഷ്യൽ ടർഫിൽ കളിച്ചാൽ ഫിറ്റ്നസ് പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ മെസി അറ്റ്‌ലാന്റാ യുണൈറ്റഡിന്റെ സ്റ്റേഡിയത്തിൽ എംഎൽഎസ് മത്സരം കളിക്കുന്നതിൽ നിന്നും മാറി നിന്നുവെന്ന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അർജന്റീനയുടെ അടുത്ത മത്സരം മെറ്റ്ലിഫ് സ്റ്റേഡിയത്തിൽ ചിലിക്കെതിരെയാണ്. അതിനു ശേഷം അർജന്റീന പെറുവിനെയും നേരിടും. ചിലിക്കെതിരെ കൂടി വിജയം നേടാൻ കഴിഞ്ഞാൽ അർജന്റീനക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ കഴിയും.