റബ്ബർ കൊണ്ടാണ് മെസിയെ ഉണ്ടാക്കിയിരിക്കുന്നത്, വിവാദമായ ഫൗളിൽ പേടിച്ചില്ലെന്ന് എമിലിയാനോ മാർട്ടിനസ്

കോപ്പ അമേരിക്കയിൽ അർജന്റീന വിജയം നേടിയ ആദ്യത്തെ മത്സരത്തിന് ശേഷം ചെറിയ രീതിയിലുള്ള വിവാദങ്ങൾ ഉണ്ടായിരുന്നു. ലയണൽ മെസി മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ താരത്തിനെതിരെ കാനഡ താരം നടത്തിയ ഫൗൾ വലിയ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കി. കാനഡ താരമായ ബോംബിറ്റോക്ക് എതിരെയാണ് മെസി ആരാധകർ തിരിഞ്ഞത്.

മത്സരത്തിനിടയിൽ സ്വാഭാവികമായും സംഭവിക്കാറുള്ള ഒരു ഫൗളായിരുന്നു അത്. ബോംബിറ്റോ ആദ്യം പന്തിൽ തൊട്ടെങ്കിലും അതിനു ശേഷം മെസിയുടെ കാലിലാണ് പന്തു കൊണ്ടത്. ഒരു ഡൈവിങ് ടാക്കിൾ ആയതിനാൽ തന്നെ അതിനു ശേഷമത് അപകടകരമായ രീതിയിൽ മെസിയെ മുറിവേൽപ്പിക്കാൻ സാധ്യതയുള്ള ഒരു ഫൗളായി മാറുകയായിരുന്നു.

എന്നാൽ ആ ഫൗൾ സംഭവിച്ച സമയത്ത് തനിക്ക് ആശങ്കയൊന്നും തോന്നിയില്ലെന്നാണ് അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ലയണൽ മെസിയെ ഉണ്ടാക്കിയിരിക്കുന്നത് റബ്ബർ കൊണ്ടാണെന്നും അതുകൊണ്ടു താരത്തിനൊന്നും സംഭവിക്കാനുള്ള സാധ്യതയില്ലെന്നും എമിലിയാനോ തമാശ രൂപത്തിൽ പറഞ്ഞു.

അതേസമയം ആ ഫൗളിന്റെ പേരിൽ ചെറിയ രീതിയിലുള്ള വിവാദങ്ങൾ ഉണ്ടായിരുന്നു. മെസിയാണ് ഫൗൾ ചെയ്യപ്പെട്ടത് എന്നതിനാൽ തന്നെ ആരാധകർ കാനഡ താരത്തിനെതിരെ പ്രതിഷേധം ഉയർത്തി. താരത്തെ വംശീയമായി അധിക്ഷേപിക്കുന്നതിലേക്കും അതെത്തി. ഇതേതുടർന്ന് കാനഡ തങ്ങളുടെ പ്രതിഷേധം ശക്തമായി അറിയിക്കുകയും ചെയ്‌തു.

മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. മെസി രണ്ടു വമ്പൻ അവസരങ്ങൾ തുലച്ചു കളഞ്ഞ മത്സരത്തിൽ അൽവാരസ്, ലൗറ്റാറോ എന്നിവരാണ് ഗോളുകൾ നേടിയത്. അടുത്ത മത്സരത്തിൽ അർജന്റീന ചിലിയെയാണ് നേരിടുന്നത്.